നീലേശ്വരം: അക്ഷയ സെന്ററുകളിൽ തിരക്ക് കൂടുന്നു. നഗരസഭയിൽ നിലവിലുള്ള മൂന്ന് അക്ഷയ സെന്ററുകളിൽ രണ്ടെണ്ണം കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. ഇത് പ്രായമായവർക്ക് ഉൾപ്പെടെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൂടാതെ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കുന്നതിനാൽ കൂടുതൽ ആളുകളെത്തിയാലും എല്ലാവർക്കും സേവനം നല്കാനുമാവില്ല.

രാവിലെ ജോലി അവധിയെടുത്ത് ദൂരസ്ഥലങ്ങളിൽ നിന്നും അക്ഷയ സെന്ററുകളിൽ വരുന്നവർ ഭക്ഷണവും മറ്റും കഴിക്കാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. പ്രായാധിക്യമുള്ളവരാണ് ഏറെ കഷ്ടപ്പെടുന്നത്. ഇന്റർനെറ്റ് ബന്ധത്തിൽ തടസമുണ്ടായാലും സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടും. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും തിരക്ക് ഒഴിവാക്കാനും നഗരസഭയിൽ കൂടുതൽ അക്ഷയ സെന്ററുകൾ അനുവദിക്കണമെന്ന് ഭാരത് ഹ്യൂമൺ റൈറ്റ്സ് മിഷൻ നാഷണൽ ചെയർമാൻ ജോൺ വർഗ്ഗീസ് പുതുക്കൈയും, നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ടി.എം സുരേന്ദ്രനാഥും ആവശ്യപ്പെട്ടു.