league

തളിപ്പറമ്പ്: തർക്കമുണ്ടായതിനെ തുടർന്ന് തളിപ്പറമ്പ് നഗരസഭയിൽ ജനറൽ സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനത്ത് വനിതയെ തിരഞ്ഞെടുത്തു. മുസ്ലിംലീഗ് ഉന്നതാധികാര സമിതി ഐകകണ്ഠ്യേനയെടുത്ത തീരുമാനത്തിൽ നിന്നും ലീഗ് അംഗം സി. സിറാജ് പിന്മാറിയതോടെ അവസാന മണിക്കൂറിലാണ് സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്.

തളിപ്പറമ്പ് നഗരസഭയിൽ രണ്ട് സ്ഥിരംസമിതി അദ്ധ്യക്ഷ പദവികളാണ് ജനറലായി ഉണ്ടായിരുന്നത്. ഇതു രണ്ടും മുസ്ലിം ലീഗ് ഏറ്റെടുത്തിരുന്നു. തളിപ്പറമ്പിൽ ലീഗിലെ രണ്ടു ചേരിക്കും ഓരോ സ്ഥാനങ്ങൾ നൽകാനായിരുന്നു തീരുമാനം. പൊതുമരാമത്ത് അദ്ധ്യക്ഷസ്ഥാനം പി.പി.മുഹമ്മദ് നിസാറിനും ക്ഷേമകാര്യ അദ്ധ്യക്ഷസ്ഥാനം സി. സിറാജിനും നൽകാനായിരുന്നു തീരുമാനം. ഇതിനു പുറമെ വനിതാസംവരണമായ വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഷബിതയേയും നിശ്ചയിക്കുകയായിരുന്നു. എന്നാൽ പൊതുമരാമത്ത് അദ്ധ്യക്ഷപദവി ഇല്ലെങ്കിൽ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് സിറാജ് അറിയിക്കുകയായിരുന്നു.സിറാജ് അദ്ധ്യക്ഷപദവി സ്വീകരിക്കില്ലെങ്കിൽ വികസന സമിതി അധ്യക്ഷ പദവിയിലേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ഷബിതയും അറിയിച്ചു. രണ്ടുപേരെയും അനുനയിപ്പിക്കാൻ മുൻ നഗരസഭ ചെയർമാൻ അള്ളാംകുളം മഹമൂദും ഉന്നതാധികാര സമിതി കൺവീനർ കൊടിപ്പൊയിൽ മുസ്തഫയും മുനിസിപ്പിൽ മുസ്ലിം ലീഗ് ട്രഷറർ കെ. മുഹമ്മദ് ബഷീറും ഏറെ ശ്രമിച്ചെങ്കിലും സിറാജ് വഴങ്ങിയില്ല. എന്നാൽ സമവായനീക്കത്തിനൊടുവിൽ ഷബിത വികസനസമിതി അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാമെന്ന് അറിയിച്ചു.

സിറാജ് മാറിനിന്നതോടെ പി.റജിലയെ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയാക്കാൻ തീരുമാനിക്കുകയായിരുന്നു. സെയ്ദ് നഗറിൽ നിന്നുള്ള കൗൺസിലറായ റജില ബി.എസ്‌സി മൈക്രോബയോളജി ബിരുദധാരിയാണ്. മൂന്നാം തവണയും കൗൺസിലറായ ഷബിത സർ സയ്യിദ് ഹൈസ്കൂൾ അദ്ധ്യാപികയാണ്. വിദ്യാഭ്യാസ സമിതി ചെയർപേഴ്സണായ കെ.പി. ഖദീജ റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ജീവനക്കാരി യാണ്. വനിതാലീഗ് മണ്ഡലം സെക്രട്ടറിയുമാണ്. കോൺഗ്രസിന് ലഭിച്ച അദ്ധ്യക്ഷപദവിയിലേക്ക് ഡി.സി.സി ജനറൽ സെക്രട്ടറിയായ കെ. നബീസബീവിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്.