തളിപ്പറമ്പ്: സ്കൂളിന് സമീപം കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി റോഡരികിൽ കുഴിച്ച കുഴി മൂടാത്തത് അപകടങ്ങൾക്കിടയാക്കുന്നു. ചിറവക്ക്-മന്ന സംസ്ഥാന പാതയിൽ സീതി സാഹിബ് ഹയർസെക്കൻഡറി സ്കൂളിന് സമീപ ത്താണ് യാത്രക്കാർക്ക് ഭീഷണിയായി വലിയ കുഴിയുള്ളത്.
സംസ്ഥാന പാതയിൽ നിന്ന് നഗരസഭാ ഓഫീസ് ഭാഗത്തേക്കുള്ള റോഡിന് ഇടതു വശത്തായാണ് കുഴിയുള്ളത്. ദിവസങ്ങളോളം കുഴി ഇതേ സ്ഥിതിയിൽ തുടരുകയാണ്. നേരത്തെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വലിക്കാ നായാണ് കുഴിയെടുത്തത്. എന്നാൽ പ്രവൃത്തിക്ക് ശേഷം കരാറുകാർ കുഴിമൂടാതെ വയ്ക്കുകയായിരുന്നു. ഇതുമൂലം നിരവധി അപകടങ്ങളാണ് പ്രദേശത്തുണ്ടാകുന്നത്.
സീതി സാഹിബ് സ്കൂളിലേയ്ക്ക് പോകാൻ വാഹനങ്ങൾ തിരിക്കുന്ന വേളകളിൽ കുഴിയിലേക്ക് ചെരിയുന്നുവെന്നാണ് പ്രധാന പരാതി. സമാനരീതിയിൽ നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ടെന്നും പറയുന്നു.
തിരക്കിനും കുറവില്ല
കൂടുതൽ തിരക്കനുഭവപ്പെടുന്ന സ്ഥലത്താണ് അപകടവും പതിവാകുന്നത്. മന്ന ജംഗ്ഷനിൽ ട്രാഫിക് സംവിധാനം നിലവിലുള്ളതിനാൽ റെഡ് സിഗ്നലുള്ളപ്പോൾ വാഹനങ്ങളുടെ നിര സ്കൂൾ വരെ നീളുന്ന സ്ഥിതിയുണ്ട്. സ്കൂളിൽ ക്ളാസുകൾ ആരംഭിച്ചതോടെ കുട്ടികളും അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ടെന്നതിനാൽ കുഴി മൂടാത്തതിൽ പ്രദേശത്ത് പ്രതിഷേധം കനക്കുകയാണ്.