uduma-kizhake-veedu

പാലക്കുന്ന്(കാഞ്ഞങ്ങാട്): പാലക്കുന്ന് കഴകത്തിലെ 122 വയനാട്ടുകുലവൻ തറവാടുകളിൽ വാർഷിക പുതിയൊടുക്കൽ (പുത്തരി കൊടുക്കൽ അടിയന്തിരം) ആചരിക്കുകയാണ്. ചടങ്ങിൽ മാത്രമൊതുക്കിയ ചടങ്ങ് തറവാട് അംഗങ്ങളിലും പ്രത്യേകം ക്ഷണിക്കപ്പെട്ടവരിലും ഒതുങ്ങിയപ്പോൾ തറവാട് വളപ്പിൽ ആളും ആരവവും ഇല്ലാതായി. വർഷത്തിൽ ഒരിക്കൽ കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ സ്പന്ദനസുഖം കൊവിഡ് നിബന്ധനകളിൽ പാടേ നഷ്ടപ്പെട്ടുപോകുന്നുവെന്ന പരാതി ഉയരുന്നുണ്ടെങ്കിലും തൊണ്ടച്ചന്മാർക്ക് പുത്തരി വിളമ്പാൻ സാധിച്ചതിൽ അവർ തൃപ്തരാവുകയാണ്.

ഒരു വർഷമായി വയനാട്ടുകുലവൻ തെയ്യം കെട്ടുത്സവങ്ങളും മറ്റും നടക്കാതിരിക്കുമ്പോൾ വരുമാനമില്ലാതെ വറുതിയിലായ വെളിച്ചപ്പാടന്മാർക്കും മറ്റു സഹായികൾക്കും തറവാടുകളിലെ പുത്തരി കൊടുക്കൽ ചടങ്ങ് മാത്രമാണിപ്പോൾ തെല്ലൊരാശ്വാസം. തുലാപത്തിനു ശേഷമാണ് തീയ സമുദായ എട്ടില്ലം തറവാടുകളിൽ പുത്തരി അടിയന്തിരത്തിന് തുടക്കം കുറിക്കുന്നുന്നത്. വിഷുവിനു മുൻപായി മിക്കയിടത്തും ഇതു പൂർത്തിയാകും. അടവിതരണവും തുടർന്ന് നടത്തുന്ന സമൂഹ സദ്യയും പരിമിതമാകുമ്പോഴും വർഷത്തിൽ നടത്തുന്ന ഈ ചടങ്ങ് ഏറെ കൃത്യതയോടെ പൂർത്തിയാക്കാൻ തറവാട് ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

പുത്തരിക്കു ശേഷം നേർച്ചയായി നടത്തുന്ന 'കൈവീത്' ' ചിങ്ങം വരെ നടത്താം. ആൾക്കൂട്ടം വേണ്ടെന്ന് വെച്ചാലും പുത്തരി അടിയന്തിര ചടങ്ങുകളിൽ വെളിച്ചപ്പാടന്മാരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. പുത്തരി അടിയന്തിരങ്ങളിൽ നിന്ന് കിട്ടുന്ന പ്രതിഫലം മാത്രമാണിവർക്ക് ഇപ്പോൾ തെല്ലൊരാശ്വാസമെന്ന് 'വിഷ്ണുമൂർത്തി-വയനാട്ടുകുലവൻ വെളിച്ചപ്പാടൻ പരിപാലന സംഘം' ജില്ലാ പ്രസിഡന്റ് അരവിന്ദൻ കാസർകോട് പറയുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് സഹായം കിട്ടിയില്ലെങ്കിൽ നൂറോളം വരുന്ന വെളിച്ചപ്പാടന്മാർ മുഴുപട്ടിണിയിലാകുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. രാത്രിയിലെ അട വിതരണവും സമൂഹ പുത്തരി സദ്യ വിളമ്പലും പരിമിതപ്പെടുത്തുമെങ്കിലും ചടങ്ങുകൾ എല്ലാം കൃത്യതയോടെ പൂർത്തിയാക്കാൻ തറവാട് ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.