കണ്ണൂർ: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ എതിരില്ലാതെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എ.ഡി.എം ഇ.പി മേഴ്സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. വികസനം, പൊതുമരാമത്ത്, ആരോഗ്യം- വിദ്യാഭ്യാസം, ക്ഷേമകാര്യം സ്ഥിരം സമിതികളിലേക്കുള്ള അദ്ധ്യക്ഷന്മാരെയാണ് തിരഞ്ഞെടുത്തത്.
വികസനം യു.പി ശോഭ (പാട്യം), പൊതുമരാമത്ത് അഡ്വ. ടി. സരള (അഴീക്കോട്), ആരോഗ്യം വിദ്യാഭ്യാസം അഡ്വ. കെ.കെ. രത്നകുമാരി (പയ്യന്നൂർ), ക്ഷേമകാര്യം വി.കെ സുരേഷ് ബാബു (കൂടാളി) എന്നിവരാണ് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ. വൈസ് പ്രസിഡന്റ് ഇ. വിജയൻ ധനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനാണ്. വികസനം, പൊതുമരാമത്ത്, ആരോഗ്യം-വിദ്യാഭ്യാസം സമിതികൾ സ്ത്രീ സംവരണമാണ്.
തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ പഞ്ചായത്ത് യോഗം ചേർന്നു. ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ ടെൻഡർ സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. 38 പ്രവൃത്തികളുടെ ടെൻ‌ഡർ അംഗീകരിച്ചു. ഇവ വേഗത്തിൽ പൂർത്തീകരിക്കാൻ അംഗങ്ങൾ കാര്യക്ഷമമായി ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർദ്ദേശിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ ബിജോയ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.