accc
പാൽച്ചുരത്ത് അപകടത്തിൽപ്പെട്ട കാർ

കൊട്ടിയൂർ: പാൽച്ചുരം പള്ളിക്ക് താഴെ കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തിരുനെല്ലി സ്റ്റേഷനിലെ എ.എസ്.ഐ പേരാവൂർ തെരുവിലെ സുരേഷി (48) നാണ് പരിക്കേറ്റത്.

തലയ്ക്കും കാലിനും പരിക്കേറ്റ സുരേഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അപകടം.

തിരുനെല്ലിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് പേരാവൂരിലേക്ക് സുഹൃത്തിന്റെ കാറിൽ വരുമ്പോൾ പാൽച്ചുരം പളളിക്ക് താഴെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് സുരേഷിന് പരിക്കേറ്റത്. സുരേഷിനെ കൂടാതെ ഏഴു വയസ്സുകാരനായ മകനും വാഹനം ഓടിച്ച തിരുനെല്ലി പൊലീസ് സ്റ്റേഷനിലെ എ.എൻ.എസ് സേനാംഗവുമായ വെള്ളർവള്ളി സ്വദേശി പ്രജീഷും ഉണ്ടായിരുന്നു.

മുൻ സീറ്റിൽ ഇരുന്ന ഏഴു വയസുകാരൻ കാർ മറിയുന്നതിനിടയിൽ തെറിച്ചു വീണ് പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. കാറിനുള്ളിൽ സീറ്റ് ബെൽറ്റിൽ കുടുങ്ങി പുറത്തേക്ക് വരാൻ സാധിക്കാത്ത നിലയിലായിരുന്ന ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കേളകം പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.