short-filim-
വലിയപൊയിലിലെ ആറാം ക്‌ളാസുകാരി ധനലക്ഷ്മിയുടെ ഷോർട്ട് ഫിലിം പ്രകാശനം ചെയ്തപ്പോൾ

കാസർകോട്: കൊവിഡ് പശ്ചാത്തലത്തിൽ ആറാംക്ലാസുകാരി ഒരുക്കിയ ഏകാംഗ ഹ്രസ്വസിനിമ അതിജീവനം' ശ്രദ്ധേയമാകുന്നു. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും അഭിനയവുമെല്ലാം സ്വന്തം നിലയിൽ നിർവഹിച്ച ചെറുവത്തൂർ വലിയപൊയിൽ സ്വദേശിയായ ബിനോയുടെയും സജ്നയുടെയും ഏക മകൾ ധനലക്ഷ്മി സി. ബിനോയിയാണ് സിനിമയുടെ ശില്പി.

കൊവിഡിന്റെ വരവും ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റവും തനിമയോടെയാണ് ഈ കൊച്ചു സിനിമ അവതരിപ്പിക്കുന്നത്. ഓരോ തലമുറകളിലും പെട്ടവർക്ക് ലോക്ഡൗൺ എങ്ങിനെ അനുഭവപ്പെട്ടെന്നും ഷോർട്ട് മൂവി വരച്ചുകാട്ടുന്നുണ്ട്. നിർദ്ദേശങ്ങൾ പാലിക്കാതെ നടന്നത് മൂലം ഉണ്ടാവുന്ന ദുരന്തവും സിനിമ ഓർമ്മപ്പെടുത്തുന്നുണ്ട്. കൊവിഡിനെ അകറ്റാൻ സാമൂഹ്യ അകലം പാലിക്കാനും മാസ്ക് ധരിക്കാനും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കാനും ഓർമ്മപ്പെടുത്തിയാണ് സിനിമ അവസാനിക്കുന്നത്.

പുതിയ പകർച്ചവ്യാധികൾ ലോകത്താകെ ഭീഷണി ഉയർത്തി അതിവേഗം പടർന്ന് പിടിക്കുന്ന പുതിയ കാലത്ത് ആരോഗ്യ പ്രവത്തകരുടെ നിർദ്ദേശങ്ങൾക്ക് ജീവനോളം വിലയുണ്ടന്ന സന്ദേശമാണ് ധനലക്ഷ്മി തന്റെ സിനിമയിലൂടെ പകർന്നു നൽകുന്നത്. വലിയപൊയിൽ നാലിലാംകണ്ടം ജി .യു .പി സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനിയാണ് ധനലക്ഷ്മി.

കെ.രവീന്ദ്രൻനായരാണ് ഷോർട്ട് മൂവിയുടെ നിർമ്മാണം നിർവഹിച്ചത്. കാമറ -രാഹുൽ ലൂമിയർ, സുനിൽ പാർവ്വതി. എഡിറ്റിംഗ് -വിനീഷ് റെയിൻബോ, റെക്കോർഡിംഗ് -പയ്യന്നൂർ വൈറ്റ് ലാൻഡ് സ്റ്റുഡിയോ എന്നിവരാണ് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരും സ്ഥാപനങ്ങളും.

നേരത്തെ കൊവിഡ് എന്നിവ പ്രമേയമാക്കി വീഡിയോ ആൽബം പുറത്തിറക്കിയിരുന്നു ധനലക്ഷ്മി. ജന്മനാ രോഗിയായി പിറന്ന അനുജത്തിയുടെ അകാലമരണം ഉണ്ടാക്കിയ വേദനയിൽ സ്വന്തമായി എഴുതി ആലപിച്ച് അവതരിപ്പിച്ച വീഡിയോ ആൽബവും ശ്രദ്ധേയമായിരുന്നു.കാസർകോട് പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ സിനിമ സംവിധായകൻ ഫാറൂഖ് അബ്ദുൽ റഹ്മാൻ ഷോർട്ട് ഫിലിം പ്രകാശനം നിർവ്വഹിച്ചു. അമ്മ സജ്ന ബിനോയി അമ്മുമ്മ ഭാർഗവി, കലാക്ഷേത്ര കലാസാഹിത്യ അക്കാഡമി ജില്ലാ പ്രസിഡൻ്റ് അഴകേശൻ തുരുത്തി, എന്നിവർ പങ്കെടുത്തു.