നീലേശ്വരം: പച്ചക്കറിക്കൃഷിയിൽ വിപ്ളവകരമായ നേട്ടം കൈവരിച്ച് ശ്രദ്ധ നേടിയ മടിക്കൈ എരിക്കുളം വയൽ കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുണ്ടായ മഴയെ തുടർന്ന് കണ്ണീർക്കാഴ്ചയായി. വിളഞ്ഞ കായകൾ ചീഞ്ഞളിഞ്ഞും പച്ചക്കറിപന്തലുകൾ തകർന്നുവീണും അരക്കോടിയോളം രൂപയുടെ നഷ്ടമാണ് അൻപതേക്കർ വിസ്തൃതിയുള്ള വയലിൽ ഉണ്ടായിരിക്കുന്നത്.
വിളവെടുപ്പിനിടെയാണ് അപ്രതീക്ഷിതമായി തുടർച്ചയായ മഴ വന്നത്.പയർ, വത്തക്ക, നരമ്പൻ കക്കിരി, വെള്ളരിക്ക, വഴുതന, പച്ചമുളക്, എന്നിവയെല്ലാം പൂർണമായി നശിച്ചു. പുറമെ നിന്ന് വെള്ളം ഒഴുകിയെത്തുന്ന വയലായതിനാൽ പച്ചക്കറിയിൽ ഒരു പ്രതീക്ഷയും വേണ്ടെന്നാണ് കർഷകർ പറയുന്നത്. പന്തലിന് തന്നെ കർഷകർക്ക് നല്ലൊരു തുക ചിലവിടേണ്ടി വന്നു. പൊളിഞ്ഞ പന്തൽ ഇനി ഉയർത്താനും പറ്റില്ല, പുതിയത് കെട്ടാനും പറ്റാത്ത അവസ്ഥയാണുള്ളത്. പച്ചക്കറി കൃഷിക്ക് ജലസേചന സൗകര്യമൊരുക്കി കൊടുത്തത് മടിക്കൈ പഞ്ചായത്തും ജില്ല പഞ്ചായത്തും ചേർന്നായിരുന്നു.
കഴിഞ്ഞവർഷം തന്നെ സംസ്ഥാനത്ത് തന്നെ പച്ചക്കറി ക്ലസ്റ്ററിൽ രണ്ടാം സ്ഥാനമായിരുന്നു എരിക്കുളത്തെ പച്ചക്കറി കൃഷി. പുറമെ നിന്നുവരെ പച്ചക്കറി വാങ്ങാൻ കച്ചവടക്കാർ എരിക്കുളത്ത് എത്തിയിരുന്നു.
മൺകുടം തകർന്ന് പച്ചക്കറിയിലെത്തി ,ഇനി !
എരിക്കുളത്തെ ഭൂരിഭാഗം ആൾക്കാരും മൺകലം ഉണ്ടാക്കി ഉപജീവനം കഴിച്ച് പോന്നവരായിരുന്നു.മൺ കലവ്യവസായം തകർന്നതോടെയാണ് മിക്കവരും പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. കൊവിഡ് കാലത്ത് പച്ചക്കറി കൃഷിയിൽ വലിയ പ്രതീക്ഷയിലായിരുന്നു കർഷകർ. അപ്പോഴാണ് നിനച്ചിരിക്കാതെ മഴയിൽ എല്ലാം നശിച്ചത്. മിക്കവരും ബാങ്കുകളിൽ നിന്നും മറ്റും കടമെടുത്താണ് പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. കടമെടുത്ത പൈസ എങ്ങിനെ തിരിച്ചടക്കുമെന്ന ചിന്തയിലാണ് ഇവർ .