കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചുമതലയേറ്റ പുതിയ ജനപ്രതിനിധികൾക്കും ഓൺലൈൻ ക്ലാസുകൾ. കിലയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ 16 വരെ ക്ളാസുകൾ നടത്തും. കൊവിഡ് സാഹചര്യത്തിൽ ഓൺലൈനായി അതതു തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾ പങ്കടുക്കുന്ന രീതിയിലാണ് പരിശീലനം. ഗ്രാമ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും പ്രത്യേക സമയം നിശ്ചയിച്ച് കേന്ദ്രീകൃത വീഡിയോ സെഷനുകൾ അവതരിപ്പിക്കുകയാണ്.

ഈ സമയത്ത് ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും കില ചുമതലപ്പെടുത്തിയ റിസോഴ്സ് ടീമും ഉണ്ടാകും. ലൈവ് സ്ട്രീം ചെയ്യുന്ന വീഡിയോ സെഷനുകൾക്ക് ശേഷം ചോദ്യോത്തരങ്ങൾക്കും ചർച്ചകൾക്കുമുള്ള സമയമുണ്ടാകും.

പരിശീലനത്തിൽ പൊതുഭരണം, ആസൂത്രണം, ധനകാര്യ പരിപാലനം, പൊതുമരാമത്ത്, സാമൂഹ്യ ക്ഷേമ പദ്ധതികൾ, സാമൂഹ്യ നീതി, സ്ത്രീ ശാക്തീകരണം, മാലിന്യ പരിപാലനം തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകളാണ് നടക്കുന്നത്. പ്രാഥമിക ഘട്ടമായി അടിസ്ഥാന വിവരങ്ങളാണ് പ്രതിപാദിക്കുക. തുടർന്ന് വിശദമായ പരിശീലനങ്ങൾ ഉണ്ടാകും.

പരിശീലനത്തിന് ആവശ്യമായ എട്ട് കൈപ്പുസ്തകങ്ങൾ അടങ്ങിയ പുസ്തക സഞ്ചയമാണ് കില തയ്യാറാക്കി നൽകിയിരിക്കുന്നത്. പരിശീലന വീഡിയോകളും പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പിയും ഓൺലൈനിലും ലഭ്യമാക്കും.

ഇതിനു ശേഷം ഇവയെല്ലാം പൊതുജനങ്ങൾക്കു കൂടി ലഭ്യമാക്കാൻ സംവിധാനം ഒരുക്കുന്നുണ്ട് കില. 'നവകേരളത്തിനായി ഗ്രാമ പഞ്ചായത്തുകൾ' എന്ന കിലയുടെ കൈപുസ്തകം ജനപ്രതിനിധികൾക്ക് നൽകും.

വാർഷിക പദ്ധതി, ബഡ്ജറ്റ് പരിശീലനവും

പ്രാഥമിക ഘട്ട പരിശീലനങ്ങൾ പൂർത്തീകരിച്ചാൽ ഉടൻ തന്നെ 2021-22 ലേക്കുള്ള വാർഷിക പദ്ധതി തയ്യാറാക്കുവാനും ബഡ്ജറ്റ് തയ്യാറാക്കാനുമുള്ള പരിശീലനവും, തുടർന്ന് വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കു വേണ്ടിയുള്ള വിശദമായ പരിശീലനവും, വനിതാ ജനപ്രതിനിധികൾക്കുള്ള പ്രത്യേക പരിശീലനവും ആരംഭിക്കും. ഇവയെ തുടർന്ന്, പ്രത്യേക വിഷയമേഖലകളിൽ വിശദമായ പരിശീലനങ്ങൾ സംഘടിപ്പിക്കും.

പ്രത്യേക വിഷയങ്ങൾ

സമഗ്ര മാലിന്യ നിർമ്മാർജ്ജനം

സ്ഥലമാനപരമായ ആസൂത്രണം

ദുരന്ത നിവാരണ പദ്ധതി

ലിംഗനീതി അടിസ്ഥാനത്തിലുള്ള തദ്ദേശ ഭരണം

പട്ടിക ജാതി പട്ടിക വർഗ സൗഹൃദ ഭരണം

കൃഷി അനുബന്ധ മേഖലകൾ

ബാലസൗഹൃദ തദ്ദേശഭരണം

വയോജനസൗഹൃദ തദ്ദേശഭരണം