chakka
പേരാവൂരിൽ നടക്കുന്ന ചക്ക മഹോത്സവം ചക്കപ്പായസമുണ്ടാക്കി കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.

പേരാവൂർ: സീസൺ തുടങ്ങുന്നതിന് മുമ്പ് രുചിഭേദങ്ങൾ കൊണ്ട് പേരാവൂരിൽ താരമാകുകയാണ് ചക്ക. സംസ്ഥാന ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ അസോസിയേഷനും മലബാർ മാവ് കർഷക സമിതിയും സംയുക്തമായാണ് ക്രിസ്റ്റൽ മാളിൽ മേള ഒരുക്കിയിരിക്കുന്നത്.

വർഷം മുഴുവൻ ചക്ക ലഭിക്കുന്ന തമിഴ് നാട്ടിലെ ചിദംബരത്തു നിന്നും മാർത്താണ്ഡത്ത് നിന്നുമടക്കം എത്തിച്ചാണ് മേള ഒരുക്കിയത്. എന്നാൽ മേളയിൽ ചക്കയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്.

വ്യത്യസ്തമായ അമ്പതോളം രുചികൾ മേളയിൽ പരിചയപ്പെടുത്തുന്നുണ്ട് .ഓർഡർ അനുസരിച്ച് സ്പോട്ടിൽ തയ്യാറാക്കി നൽകുന്ന പായസത്തിനും ഉണ്ണിയപ്പത്തിനും വലിയ ഡിമാൻഡാണ് മേളയിൽ.ഹൽവ,സ്‌ക്വാഷ്, കേക്ക്, ചക്കക്കുരു പൗഡർ, പുട്ടുപൊടി,ചപ്പാത്തിപ്പൊടി തുടങ്ങി അൻപതോളം വിഭവങ്ങളാണ് പ്രധാന ആകർഷണം.ചക്കക്കുരുവും ചെമ്മീനും ചേർന്ന ചമ്മന്തിപ്പൊടി, മീൻ ഉപയോഗിക്കാത്തവർക്ക് ചക്കക്കുരു തേങ്ങ കറിവേപ്പില ചമ്മന്തിപ്പൊടി, ഡ്രൈയറിൽ ഉണക്കിയ പച്ച ചക്കച്ചുള എന്നിവയെല്ലാം മേളയുടെ ആകർഷണമാണ്.രണ്ടുവർഷം വരെ സൂക്ഷിക്കാവുന്ന ചക്ക പൾപ്പും ഏറെ ഡിമാൻഡുള്ള വിഭവമാണ്.

ചക്കയുടെ പുറംതൊലി ഒഴികെ ബാക്കിയെല്ലാം മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റാമെന്ന് തെളിയിച്ച് ചക്കയുടെ മഹത്വം ഓർമ്മിപ്പിക്കുകയാണ് സംഘാടകർ. ജനങ്ങളുടെയിടയിൽ സ്വീകാര്യത നേടിക്കഴിഞ്ഞ ചക്ക മഹോത്സവം ഫിബ്രുവരി അവസാനം വരെ പേരാവൂരിൽ തുടരും.കേരളത്തിലുടനീളം വിപണി കണ്ടെത്താനാണ് മേളകൾ സംഘടിപ്പിക്കുന്നത്.

ഇതിന് പുറമെ യു.പി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഖാദി കുർത്തകൾ, ലുധിയാന, തിരുപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ വസ്ത്രങ്ങൾ, ചെരുപ്പുകൾ, അലങ്കാര വസ്തുക്കൾ ഗൃഹോപകരണങ്ങൾ എന്നിവയും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചക്ക മഹോത്സവവും വ്യാപാര മേളയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.ആദ്യ വില്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ വ്യാപാര മേളയുടെ കോഓർഡിനേറ്റർ എബി ഫ്രാൻസിസിന് നൽകി നിർവ്വഹിച്ചു.പഞ്ചായത്തംഗങ്ങളായ എം.ഷൈലജ, റജീന സിറാജ്, നിഷാ പ്രദീപൻ, സി. യമുന, റീന മനോഹരൻ, കെ.വി.ബാബു എന്നിവർ സംസാരിച്ചു.