കണ്ണൂർ: ജർമ്മൻ സാങ്കേതിക വിദ്യയായ കോൾഡ് മില്ലിംഗ് റീ സൈക്ളിംഗിലൂടെ മുഖം മിനുക്കിയ താഴെചൊവ്വ- കാൾടെക്സ് ദേശീയപാത ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കും. ഇതോടെ കഴിഞ്ഞ ഒരു മാസമായി നീണ്ട ദുരിതയാത്രയ്ക്ക് പരിഹാരമായി.
27.91 കോടി രൂപ ചെലവിൽ ദേശീയ പാതയിൽ താണ മുതൽ ധർമടം പാലം വരെയുള്ള 17 കി മീ ഭാഗം ബലപ്പെടുത്തുന്ന പ്രവൃത്തിക്ക് ഡിസംബർ 18 നാണ് തുടക്കമായത്. താണ മുതൽ താഴെചൊവ്വ ഗേറ്റ് വരെ 3.56 കി മീറ്ററും എടക്കാട് പമ്പ് മുതൽ ധർമ്മടം പാലംവരെ 6.44 കി മീറ്ററും ഭാഗമാണ് കോൾഡ് മില്ലിംഗ് ആൻഡ് റീസൈക്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ബലപ്പെടുത്തിയത്.
നിലവിലുളള ടാറിംഗ് മെഷീൻ ഉപയോഗിച്ച് 7.5 സെ .മി. ആഴത്തിൽ കിളച്ചെടുത്ത് ആവശ്യമായ അളവിൽ മെറ്റൽ, സിമന്റ്, ഫോം ബിറ്റുമെൻ എന്നിവ ചേർത്ത് റീസൈക്ലിംഗ് നടത്തി അപ്പോൾതന്നെ നിരത്തി ഉറപ്പിക്കുന്നതാണ് രീതി. 85 ശതമാനം മെറ്റീരിയൽസും പുനരുപയോഗത്തിന് വിധേയമാക്കുന്നു. മെക്കാഡം ടാറിംഗിന് ഉപയോഗിക്കുന്നതിനേക്കാൾ 30 ശതമാനം ബിറ്റുമിൻ ഈ സാങ്കേതിക വിദ്യ വഴി ലാഭിക്കാനാകും.
വളരെ വേഗത്തിൽ പ്രവൃത്തി പൂർത്തികരിക്കാൻ കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണ്. ഗതാഗതത്തിന് തുറന്നുകൊടുത്ത ഭാഗത്ത് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്
ടി. പ്രശാന്ത്,
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ
പി.ഡബ്‌ള്യു.ഡി ദേശീയപാത വിഭാഗം