ഇരിട്ടി: ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊട്ടു മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. ഇന്ന് തിരുവത്താഴത്തിന് അരിയളവോടു കൂടിയാണ് ഈ വർഷത്തെ ഉത്സവം ആരംഭിക്കുക.

ഉത്സവത്തിന്റെ ഭാഗമായി നടന്നു വരാറുള്ള അന്നദാനം, സാംസ്‌കാരിക പരിപാടികൾ, താലപ്പൊലി ഘോഷയാത്ര, തിടമ്പ് നൃത്തം, ആനപ്പുറത്ത് എഴുന്നള്ളത്ത് എന്നിവ ഈ വർഷം ഉണ്ടായിരിക്കുന്നതല്ല. കൊവിഡ് മാനദണ്ഡപ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ച് ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം നൽകും. 24 ന് നടക്കുന്ന ഓമനക്കാഴ്ച, 25 ന് നടക്കുന്ന നെയ്യാട്ടം എന്നിവ ചടങ്ങുകൾ മാത്രമായിട്ടായിരിക്കും നടത്തുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.