കണ്ണൂർ: ദുശ്ശാസനും ദുര്യോധനനുമാണ് കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി പി.വി മോഹൻ പറഞ്ഞു. ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചപാണ്ഡവർ കൗരവപ്പടയെ നേരിട്ടത് പോലെ ഈ രണ്ട് പേരെയും നേരിടാൻ നമുക്ക് സാധിക്കണം. ഇതിന് ഏക മനസോടെയുള്ള പ്രവർത്തനമാണ് ആവശ്യം. ശ്രീനാരായണ ഗുരുവിന്റെ നാല് സൂക്തങ്ങൾ പ്രസക്തമാണ്. ആത്മബലം, ശരീരബലം, വിദ്യാബലം, ബുദ്ധിബലം, ഇവ നമുക്ക് ഏകോപിപ്പിക്കാനായാൽ ഏത് പ്രതിസന്ധിയും മറികടക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 16 മുതൽ 21 വരെയുള്ള തീയതിക്കുള്ളിൽ മണ്ഡലം കോൺഗ്രസ് കൺവെൻഷനുകൾ ചേരാൻ യോഗം തീരുമാനിച്ചു. 26ന് വൈകുന്നേരം മൂന്നുമണിക്ക് മുഴുവൻ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളും പുനഃസംഘടിപ്പിക്കും. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ നാരായണൻ, മാർട്ടിൻ ജോർജ്ജ്, അഡ്വ. പി.എം നിയാസ്, അഡ്വ. സോണി സെബാസ്റ്റ്യൻ, അഡ്വ. സജീവ് ജോസഫ്, സജീവ് മാറോളി , സെക്രട്ടറിമാരായ പി.വി. ബാബുരാജ്, ചന്ദ്രൻ തില്ലങ്കേരി, കെ.വി ഫിലോമിന, എം.പി മുരളി, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു, മുൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ.ഡി മുസ്തഫ, എ.ഐ.സി.സി മെമ്പർ സുമാബാലകൃഷ്ണൻ, എം. നാരായണൻ കുട്ടി, കെ.സി മുഹമ്മദ് ഫൈസൽ പ്രസംഗിച്ചു.