girl

കണ്ണൂർ: ദത്തെടുത്തയാളുടെ പീഡനത്തിനിരയായി കാക്കനാട് ചിൽഡ്രൻസ് ഹോമിൽ കഴിയുന്ന പതിനാലുകാരി മരിച്ചതിൽ പ്രതിഷേധം. അസ്വാഭാവികമായ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ബന്ധുക്കൾ കാക്കനാട് ചിൽഡ്രൻസ് വെൽഫെയർ കമ്മീഷൻ ഓഫീസിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം നടത്തിയത്. ചൈൽഡ് വെൽഫെയർ ഓഫീസർ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും, അതാണ് മരണത്തിന് കാരണമെന്നും ആരോപണമുണ്ട്. തൃക്കാക്കര എ.സി.പി നേരിട്ടെത്തി അന്വേഷണം ഉറപ്പ് നൽകിയതിനെ തുടർന്ന് ബന്ധുക്കൾ തത്കാലം സമരം അവസാനിപ്പിച്ചിട്ടുണ്ട്.

കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്നാണ് പൂർത്തിയായത്. ജനുവരി 11നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസനവകുപ്പിന്റെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്ന് 2019 ഏപ്രിൽ മുതൽ ചൈൽഡ് വെൽഫെയർ കമ്മീഷന്റെ സംരക്ഷണയിലായിരുന്നു കുട്ടി. ആലുവ താലൂക്കിൽ മറ്റൂർ വില്ലേജിലാണ് കുട്ടി താമസിച്ചിരുന്നത്. അച്ഛൻ പീഡിപ്പിച്ചിരുന്നുവെന്ന വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് ഇതിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. 2018 ഏപ്രിൽ 18നാണ് ഈ കേസ് റജിസ്റ്റർ ചെയ്യുന്നത്. പിറ്റേന്ന് തന്നെ ചൈൽഡ് വെൽഫെയർ മെമ്പർ കാക്കനാട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.

എന്നാൽ അവിടേക്ക് കൊണ്ടുവരുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്ന കുട്ടി ജനുവരി 11ന് പെട്ടെന്ന് മരിച്ചുവെന്ന വാർത്തയാണ് ബന്ധുക്കൾക്ക് ലഭിക്കുന്നത്. പച്ചാളത്തെ ശിശുവികസനവകുപ്പിന്റെ കെട്ടിടത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന വിവരം കിട്ടിയെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം പൊലീസും നൽകുന്നില്ല.

ഡിസംബർ 30 മുതൽ കുട്ടിക്ക് പനിയുണ്ടായിരുന്നു. കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാതിരുന്നത് ചൈൽഡ് വെൽഫെയർ ഓഫീസറുടെ വീഴ്ചയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി, കുട്ടിയുടെ മുത്തശ്ശി സിറ്റി പോലീസ് കമ്മീഷണർക്കും ആലുവ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം എത്തിച്ചത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യാതെ ബന്ധുക്കൾ പ്രതിഷേധിക്കുകയായിരുന്നു. ബന്ധുക്കൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി.

കണ്ണൂർ സ്വദേശിയായ അറുപതുകാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. വ്യാജ വിവരങ്ങൾ നൽകിയാണ് അറുപതുകാരൻ കാക്കനാട്ട് നിന്ന് കുട്ടിയെ ദത്തെടുത്തത്. നേരത്തെ രണ്ട് വിവാഹം ചെയ്തതും അതിൽ കുട്ടികളുള്ള കാര്യവും മറച്ചുവച്ചും വിമുക്ത ഭടനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൂത്തുപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന സി.ജി. ശശികുമാർ ദത്തെടുത്തത്. 2016ൽ ദത്തെടുത്ത കുട്ടിയെ 2017 ൽ പീഡിപ്പിച്ചതും ഗർഭം അലസിപ്പിച്ചതുമെല്ലാം പുറംലോകം അറിഞ്ഞിരുന്നില്ല. സഹോദരിയുടെ വെളിപ്പെടുത്തലാണ് അധികൃതരുടെ ഗുരുതര വീഴ്ചയും പീഡന വിവരവും പുറത്തറിയാൻ ഇടയായത്.

കഴിഞ്ഞ ശനിയാഴ്ച ശശികുമാറിനെ കൂത്തുപറമ്പ് പൊലീസ് അറസ്റ്ര് ചെയ്തിരുന്നു. അറസ്റ്ര് നടന്നപ്പോൾ മാത്രമാണ് സംഭവം ശിശുക്ഷേമ സമിതി അറിയുന്നത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ഇയാളുടെ ഭാര്യ പിടിയിലായി. കുട്ടിയെ വളർത്താൻ ഏറ്റെടുക്കുന്ന കുടുംബത്തെ കുറിച്ച് കണ്ണൂർ ജില്ലയിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തിയിരുന്നില്ല. കാക്കനാട്ടെ ശിശുക്ഷേമ സമിതിയും കുട്ടിയെ നൽകുമ്പോൾ അന്വേഷണങ്ങളൊന്നും നടത്തിയിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.