train
2019 നവംബർ അഞ്ചിന് കേരളകൗമുദി പ്രസി്ദ്ധീകരിച്ച വാർത്ത

കണ്ണൂർ:ഏഴ് മെമു ട്രെയിനുകൾ സർവ്വീസ് നടത്താൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചതോടെ മലബാറിന്റെ യാത്രാദുരിതത്തിന് പരിഹാരമാകും. കൊവിഡ് കാലത്ത് ട്രെയിനുകൾ സർവ്വീസ് വെട്ടിക്കുറച്ച സാഹചര്യത്തിൽ മെമു സർവ്വീസ് യാത്രക്കാർക്ക് അനുഗ്രഹമാകും.ആവശ്യത്തിന് പാസഞ്ചർ ട്രെയിനുകളില്ലാത്തതും ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകളില്ലാത്തതും സ്ഥിരയാത്രക്കാരുടെ ദുരിതം ചെറുതൊന്നുമല്ല.

അടുത്ത മൂന്ന് മാസത്തിനുള്ളിൽ സർവ്വീസ് തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയിൽവെ അധികൃതർ.
കന്യാകുമാരി– പുനലൂർ, പാലക്കാട്– കോഴിക്കോട്, ഷൊർണൂർ– കോയമ്പത്തൂർ, ഷൊർണൂർ– തൃശൂർ, തൃശൂർ– കണ്ണൂർ, തൃശൂർ– ഷൊർണൂർ, കോഴിക്കോട്– തൃശൂർ സർവീസുകളാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.

എട്ട് റാക്ക് വീതമുള്ള ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുക. റെയിൽവേ അംഗീകാരം നൽകിയെങ്കിലും റാക്ക് ലഭ്യതയ്ക്കനുസരിച്ചായിരിക്കും തുടക്കം. റാക്കുകൾ അറ്റകുറ്റപ്പണി നടത്തി സർവ്വീസിന് തയ്യാറായി വരുന്നുണ്ടെന്ന് പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരിൽ നിന്നുള്ള സമ്മർദ്ദം കൂടിയാകുമ്പോൾ മെമു സർവ്വീസ് പെട്ടെന്നു തന്നെ യാഥാർത്ഥ്യമാകും.

ആദ്യഘട്ട ചിലവ് 14 കോടി
റെയിൽവേ വൈദ്യുതികരണം പൂർത്തിയാകാത്തതാണ് കൂടുതൽ സർവ്വീസിന് തടസ്സമായി ചൂണ്ടിക്കാട്ടിയിരുന്നത്. അതുവരെ ഡെമു (ഡീസൽ മൾട്ടിപ്പിൾ യൂണിറ്റ്) ഓടിക്കണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടെങ്കിലും റെയിൽവേ പരിഗണിച്ചില്ല. ഷൊർണൂർ– മംഗളൂരു ലൈൻ വൈദ്യുതീകരണം പൂർത്തിയായിട്ട് രണ്ടുവർഷമായി.
പാലക്കാട് നിന്നു വടക്കോട്ടേക്ക് മെമു സർവീസ് തുടങ്ങുന്നതിന് ആദ്യഘട്ടത്തിൽ 14 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരുന്നത്. നിലവിൽ 100 മീറ്ററുള്ള പിറ്റ്ലൈൻ 185 മീറ്ററായി മാറ്റണം. മെമുവിന്റെ അറ്റകുറ്റപ്പണികൾക്ക് ചിലവ് കുറയുമെന്നതാണ് റെയിൽവേയെ കൂടുതൽ സർവ്വീസിന് പ്രേരിപ്പിക്കുന്നത്. ചെറിയ സ്റ്റേഷനുകളിൽ പോലും മെമു ട്രെയിനുകൾ നിറുത്താൻ കഴിയും.

നിലവിൽ മെമു സർവ്വീസുകൾ

കോയമ്പത്തൂർ– പാലക്കാട്, എറണാകുളം– ഷൊർണൂർ, കൊല്ലം– പുനലൂർ

മെമു വന്നാൽ

ഷൊർണ്ണൂർ- കണ്ണൂർ,​ കണ്ണൂർ- മംഗലാപുരം ലൈനുകൾ

മൂന്നു മണിക്കൂറിൽ കൂടുതൽ യാത്രാദൈർഘ്യം പാടില്ല

വേഗത മണിക്കൂറിൽ 90 കി.മീ.

​സൗകര്യങ്ങൾ

കോച്ചുകളിൽ ജി.പി.എസ്, എയർ സസ്പെൻഷൻ, ഓരോ കോച്ചിലും രണ്ട് വീതം ബയോടോയ്ലറ്റുകൾ, കുഷ്യൻ സീറ്റുകൾ, എൽ.ഇ.ഡി ലൈറ്റ്, സ്ത്രീകളുടെ കോച്ചിൽ സി.സി.ടി.വി, കോച്ചുകളിൽ ഭക്ഷണവിതരണമുണ്ടാകില്ല

മെമു (മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്സ് )

സർവ്വീസ് മറ്റു ട്രെയിനുകളിൽ നിന്നു വ്യത്യസ്തമാണ്. എൻജിൻ മാറ്റുകയെന്നത് മറ്റു ട്രെയിനുകൾക്ക് ഏറെ ക്ളേശകരമായ ജോലിയാണെങ്കിൽ മെമുവിന് എവിടെ നിന്നും തിരിക്കാൻ ബുദ്ധിമുട്ടില്ലാത്തവിധം പുഷ് - പുൾ എൻജിനാണ്. ഇതുകാരണം ഷണ്ടിംഗിന്റെ കാലതാമസം ഒഴിവാക്കാനാകും. അടുത്തടുത്ത സ്റ്റോപ്പുകളിൽ നിറുത്താനും പ്രയാസമില്ല.