പാനൂർ: പാർശ്വവത്കരിക്കപ്പെടുന്ന ആദിവാസിമേഖലകളിലെ കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ വർഷങ്ങളായി വിശ്രമജീവിതം പോലും മറന്നു പാടുപെടുകയാണ് സൗത്ത് നരവൂരിലെ കല്ലി അശോകനും സംഘവും. കണ്ണവം മുണ്ടയോട് കോളനിയിലെ ട്രൈബൽ സ്കൂളിൽ നിന്ന് തുടങ്ങി മാനന്തവാടി വരെ എത്തിനിൽക്കുകയാണ് ഈ റിട്ട. കായികാദ്ധ്യാപകന്റെ വിശ്രമകാലദൗത്യം.
സർക്കാറിന്റെ കണക്കെടുപ്പിൽ വിദ്യാർത്ഥികളുടെ എണ്ണം കൃത്യമാണെങ്കിലും ദിവസവും വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾ വളരെ പരിമിതമാണ്. പല കുട്ടികളും രക്ഷിതാക്കളും അന്ധവിശ്വാസങ്ങൾക്കും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും ദാരിദ്ര്യത്താൽ വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്കും വിധേയരാണ്. ഇങ്ങനെയുള്ള കുട്ടികളെ വിദ്യാലയങ്ങളിേലേക്ക് ആകർഷിക്കാനുള്ള മാർഗ്ഗവുമായിട്ടാണ് അശോകന്റെയും കൂട്ടാളികളുടേയും ഇടപെടൽ.
പൊന്ന്യം വെസ്റ്റ് യു.പി സ്കൂളിലെ കായികാദ്ധ്യാപകനായിരുന്ന ഇദ്ദേഹം വിരമിച്ചതിനു ശേഷമുള്ള അഞ്ചുവർഷങ്ങൾക്കുള്ളിലാണ് ആദിവാസി മേഖലയിലെ കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിനായി മുഴുവൻ സമയവും നീക്കിവച്ചിരിക്കുന്നത്. ആദിവാസിമേഖലകളിൽ സംഘാടകസമിതികളുടെയും വാട്ട്സാപ് കൂട്ടായ്മയുടെയും സഹായത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് കുട്ടികളെ ആകർഷിക്കുന്നത്. പാട്യം പഞ്ചായത്തിലെ മുണ്ടയോട് കോളനിയിലെ ട്രൈബൽ സ്കൂൾ കേന്ദ്രീകരിച്ചായിരുന്നു തുടക്കം. അക്ഷരം പോലുമറിയാത്ത പാർശ്വവത്കരിക്കപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ലളിതമായും രസകരമായും ക്ലാസ്സുകൾ നൽകി. അവരുടെ വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും വിജയ ശതമാനം ഉയർത്തലുമായിരുന്നു ലക്ഷ്യം. ഇതുവഴി ധാരാളം വിദ്യാർത്ഥികൾ പത്താംതരം പാസായി.
ഇവരുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായ നിരവധി അദ്ധ്യാപകരും നാട്ടുകാരും ഒത്തുചേർന്നപ്പോൾ അശോകൻ മാഷും സംഘവും ആദിവാസികളേറെയുള്ള മാനന്തവാടിയിലുമെത്തി. സ്കൂളിൽ ഒരു ദിവസം പോയാൽ നാലു ദിവസം പോകാത്ത കുട്ടികളെ വിവിധ തരം സമ്മാനങ്ങൾ നൽകിയും വിവിധ കലാപരിപാടികളിൽ പങ്കാളികളാക്കിയുമാണ് പഠനവഴിയിലേക്ക് തിരിച്ചുവിട്ടത്. ഗോത്രായനം വാട്സാപ് കൂട്ടായ്മയും ചുവപ്പിന്റെ വാട്സാപ് കൂട്ടായ്മയും സംഘത്തിന് വലിയ സഹായമാണ് നൽകിയത്. സ്കൂൾ ബാഗും കുടകളും മറ്റ് പഠനോപകരണങ്ങളും സംഘടിപ്പിച്ച് ഇത്തരം ഗ്രൂപ്പുകൾ സഹായിക്കുന്നുണ്ട്. കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ കോളജുകളും സ്കൂളുകളും നിരവധി സ്ഥാപനങ്ങളും സംഘത്തിന് പിന്തുണയുമായി വന്നിട്ടുണ്ട്. വിശ്രമജീവിതം നയിക്കുന്ന അദ്ധ്യാപകർക്കെല്ലാം വലിയ മാതൃകയാണ് ഈ റിട്ട. അദ്ധ്യാപകന്റെ ഓരോ ദിവസവും.