library
തകർന്ന കൊയോങ്കരയിലെ ആചാര്യ നരേന്ദ്രദേവ് ഗ്രന്ഥാലയം

തൃക്കരിപ്പൂർ: ഒരുകാലത്ത് വിജ്ഞാനത്തിന്റെ അദ്ധ്യായങ്ങൾ പകർന്നു നൽകിയ ഗ്രന്ഥശാല അകാല ചരമം പ്രാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. സോഷ്യലിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ആചാര്യ നരേന്ദ്രദേവിന്റെ നാമധേയത്തിൽ ആറു പതിറ്റാണ്ടു മുമ്പ് കൊയോങ്കരയിൽ സ്ഥാപിച്ച സ്ഥാപനമാണ് തകർന്ന് അസ്ഥികൂടമായി നിലകൊള്ളുന്നത്. ആയിരക്കണക്കിന് പുസ്തക ശേഖരമുണ്ടായിരുന്ന ഈ ഗ്രന്ഥാലയം കാടുകയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ട് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്തോ ബന്ധപ്പെട്ടവകുപ്പോ തിരിഞ്ഞു നോക്കാത്തതിൽ അക്ഷര സ്നേഹികൾക്ക് അമർഷമുണ്ട്.

1960 കാലഘട്ടത്തിലാണ് പ്രദേശവാസികളായ സോഷ്യലിസ്റ്റുകളുടെ നേതൃത്വത്തിൽ ഗ്രന്ഥശാലയ്ക്ക് തുടക്കം കുറിച്ചത്. നാട്ടിലെ പ്രമുഖനായ വെങ്ങലാട്ട് രാമൻ നായർ സൗജന്യമായി നാലു സെന്റ് സ്ഥലം വിട്ടു നൽകുകയും ചെയ്തു. കൊയോങ്കരക്കായി അനുവദിക്കപ്പെട്ട ആയുർവ്വേദ ആശുപത്രിക്കായി ഗ്രന്ഥശാല താൽക്കാലികമായി വിട്ടുനൽകി‌യപ്പോൾ ഗ്രന്ഥശേഖരം മറ്റൊരിടത്തേക്ക് മാറ്റി. ആശുപത്രിക്ക് സ്വന്തമായി കെട്ടിടം പണിതതോടെ ഗ്രന്ഥശാലക്ക് വീണ്ടും ജീവൻ വെച്ചു. എന്നാൽ ഇതിനിടയിൽ സർക്കാർ അനുവദിച്ച കുടുംബക്ഷേമ കേന്ദ്രത്തിനായി ഈ അക്ഷരക്കൂട്ടങ്ങൾ വീണ്ടും മറ്റൊരിടത്തേക്ക് മാറ്റപ്പെട്ടു. ഇതിനിടയിൽ രാഷ്ട്രീയ വടംവലിയും രൂപപ്പെട്ടത് പ്രതികൂലമായി.

നിരവധി സാഹിത്യനായകരുടെ ആശയവും അറിവനുഭവങ്ങളും പകർത്തിയ ഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടു. വർഷങ്ങൾക്കു ശേഷം കുടുംബക്ഷേമകേന്ദ്രം സ്വന്തം കെട്ടിടത്തിലേക്ക് മാറിയെങ്കിലും ഗ്രന്ഥശാലയുടെ പ്രവർത്തനം പിന്നീട് പുനരുജ്ജീവിപ്പിക്കാൻ കഴിയാതെ വന്നതോടെ കെട്ടിടം ചോർന്നൊലിച്ച് തകരാൻ തുടങ്ങി. ഇന്ന് ഏതുസമയത്തും തകർന്നു വീണേക്കാവുന്ന നിലയിലാണ് കെട്ടിടം. ഈകെട്ടിടം സംരക്ഷിക്കാൻ കഴിയില്ലെങ്കിലും ഇത് നിലകൊള്ളുന്ന ഭൂമിയെങ്കിലും അന്യാധീനപ്പെട്ടു പോകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് അക്ഷരസ്നേഹികൾ ആഗ്രഹിക്കുന്നത്.

ഏറെ ക്ലേശങ്ങൾ സഹിച്ചാണ് അന്ന് കെട്ടിടം പണിത് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഗ്രന്ഥശാല നേതാക്കളായ പി.എൻ. പണിക്കരും, പി. കോരൻ മാസ്റ്ററും നേരിട്ടിടപെട്ടാണ് സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കിയതും 500 രൂപ ആദ്യ ഗ്രാന്റ് ലഭ്യമാക്കിയതും.

കെ.പി.രാമൻ നായർ,

സ്ഥാപക പ്രവർത്തകൻ

സാക്ഷരതാ ക്ലാസുകളടക്കം നടത്തി മികച്ച പ്രവർത്തനം നടത്തിയിരുന്നു. താളം തെറ്റിയ സ്ഥാപനത്തിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞില്ല.

എം.വി. ചെറിയമ്പു, ഗ്രന്ഥശാല സംഘം മുൻ ജില്ലാ സെക്രട്ടറി.

ഗ്രന്ഥശാലാ കെട്ടിടം നശിച്ചുവെങ്കിലും സ്ഥാപനത്തിന്റെ പേരിലുള്ള 4 സെന്റ് ഭൂമി അവിടെയുണ്ട്. ആ ഭൂമിയെങ്കിലും മതിൽ കെട്ടി സംരക്ഷിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണം.

കെ. ശശി, മുൻ സെക്രട്ടറി.