കാഞ്ഞങ്ങാട്: മുപ്പത് ലക്ഷം രൂപ വരെ വായ്പ നൽകുമെന്ന വാഗ്ദാനത്തോടെ നോർക്ക വിളിച്ചുകൂട്ടിയ ക്യാമ്പിൽ ഉദ്യോഗസ്ഥർ എത്തിയില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പ്രവാസികൾ ഇതേ തുടർന്ന് പ്രതിഷേധിച്ചു. ഇന്നലെ രാവിലെയാണ് പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നോർക്ക ക്യാമ്പ് സംഘടിപ്പിച്ചത്.
വിവരമറിഞ്ഞ് നിരവധി പേരാണ് വ്യാപാര ഭവനിൽ രാവിലെ മുതൽ എത്തിച്ചേർന്നത്. തൃക്കരിപ്പൂർ, മഞ്ചേശ്വരം, കാസർകോട്, കുമ്പള മേഖലയിൽ നിന്നുമുൾപ്പെടെ നൂറുകണക്കിന് പേർ എത്തിയിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും ഉദ്യോഗസ്ഥന്മാരെ കാണാതായതോടെ എത്തിയവർ ബഹളം വെക്കുകയായിരുന്നു. പ്രവാസി കോൺഗ്രസ് നേതാവ് പത്മരാജൻ ഐങ്ങോത്ത് അടക്കമുള്ളവരുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു.
എന്നാൽ നേരത്തെ നോർക്ക ക്യാമ്പ് നടത്താൻ വ്യാപാര ഭവൻ ബുക്ക് ചെയ്തിരുന്നെങ്കിലും പിന്നീട് രജിസ്‌ട്രേഷൻ 120ൽ എത്തിയതോടെ ക്യാമ്പ് ഓൺലൈൻ ആക്കുകയായിരുന്നുവെന്ന് നോർക്ക അധികൃതർ പറയുന്നു. രജിസ്റ്റർ ചെയ്തവരോട് ഇക്കാര്യം അറിയിച്ചതായും നോർക്ക അധികൃതർ വ്യക്തമാക്കി. നോർക്കയും കനറാ ബാങ്കും സെന്റർ ഫോർ മാനേജ്‌മെന്റും ചേർന്നാണ് വായ്പ ലഭ്യമാക്കുന്നതും പരിശീലനം നൽകുന്നതും. ഉദ്യോഗസ്ഥർ ആരും എത്താതിരുന്നപ്പോൾ പതിനൊന്നരയോടെ വ്യാപാരഭവനിൽ എത്തിയവർ മടങ്ങുകയായിരുന്നു.