ta
ടെറിട്ടോറിയൽ ആർമി ആസ്ഥാനം

കണ്ണൂർ: കണ്ണൂരിന്റെ അഭിമാനമായ 122 ടെറിട്ടോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റാനുള്ള നീക്കം വീണ്ടും സജീവമായി. കഴിഞ്ഞ രണ്ടു വർഷം മുമ്പ് മാറ്റാനുള്ള നീക്കം നടന്നുവെങ്കിലും ജനപ്രതിനിധികളുടെയും മറ്റും ഇടപെടലിനെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച നീക്കങ്ങൾ ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്.

രണ്ടരവർഷമായി കശ്മീരിൽ ഫീൽഡ് ഓപ്പറേഷനിൽ പങ്കെടുക്കുന്ന സൈനികർ തിരിച്ചെത്തുന്നത് വെസ്റ്റ് ഹില്ലിലേക്കായിരിക്കും. 2018 മേയ് മാസത്തിലാണ് ജമ്മു– കശ്മീർ അതിർത്തിയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള പ്രത്യേക ദൗത്യവുമായി എണ്ണൂറംഗ സംഘം പുറപ്പെട്ടത്.

കേരളത്തിലെ ഏക ബറ്റാലിയൻ
കേരളത്തിന്റെ ഏക ടെറിട്ടോറിയൽ ആർമി ബറ്റാലിയനാണ് മദ്രാസ് ഇൻഫെന്ററി റെജിമെന്റിന്റെ ഭാഗമായ കണ്ണൂർ ടെറീസ്. തുടക്കത്തിൽ മലപ്പുറത്തായിരുന്നു. നാലു പതിറ്റാണ്ടുമുമ്പാണ് ആസ്ഥാനം കണ്ണൂർ ജില്ലാ ആശുപത്രിക്കുസമീപം ഡി.എസ്‌.സി അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റിയത്. അന്നുമുതൽ കണ്ണൂരിന്റെ സാമൂഹ്യജീവിതത്തിന്റെ ഭാഗമാണ് ഈ സേനാവിഭാഗം. നാടിന്റെ പൊതുവായ വികസന പ്രവർത്തനങ്ങളിലും പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷാദൗത്യത്തിലും ഇവരുടെ സേവനം വിലപ്പെട്ടതാണ്.
യുദ്ധവേളകളിൽ സൈന്യത്തെ സഹായിക്കുകയാണ് ടെറിട്ടോറിയൽ ബറ്റാലിയന്റെ മുഖ്യ ചുമതല. യുദ്ധത്തിൽ രണ്ടാംനിര പ്രതിരോധവ്യൂഹമായി ഇവരുണ്ടാകും.