തലശ്ശേരി: നീണ്ട പത്ത് മാസക്കാലമായി അടഞ്ഞുകിടന്ന തിയേറ്ററുകൾ, പൊങ്കൽ റിലീസായ, സൂപ്പർ സ്റ്റാർ ഇളയദളപതി വിജയ് സിനിമയായ 'മാസ്റ്ററി'ന്റെ പ്രദർശനത്തോടെ തുറന്നപ്പോൾ, സിനിമാ പ്രേമികൾക്ക് അത് ഉത്സവങ്ങളുടെ ഉത്സവം. വിജയ് ഫാൻസുകാരാവട്ടെ ആർപ്പുവിളികളും, നൃത്തചുവടുകളും, മധുര പലഹാര വിതരണവുമായി ലിബർട്ടി തിയേറ്റർ സമുച്ചയത്തെ മണിക്കൂറുകൾക്ക് മുമ്പുതന്നെ പൊതിഞ്ഞു. ആൺ-പെൺ വ്യത്യാസമില്ലാതെ അവർ ആടിത്തിമർത്തു.
കോംപ്ലക്സിലെ ആറ് തീയേററുകളിലൊന്ന് വനിതകൾക്കായി സംവരണം ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പകുതി സീറ്റിൽ മാത്രമാണ് പ്രവേശനമൊരുക്കിയത്. ഇതിൽ അമ്പത് ശതമാനം ടിക്കറ്റുകൾ ഓൺ ലൈനിലും, ബാക്കി കൗണ്ടറിലൂടെയുമാണ് വിതരണം ചെയ്തത്. മൂന്ന് ഷോകൾ പ്രദർശിപ്പിച്ചു.
അതേസമയം കണ്ണൂരിലെ തീയേറ്ററുകളിൽ ഇന്നലെ പ്രദർശനം ആരംഭിച്ചിട്ടില്ല. ജില്ലയിലെ മറ്റുപലയിടത്തും തീയേറ്ററുകൾ തുറന്നു.
അപ്രതീക്ഷിതമായ ജനക്കൂട്ടം അക്ഷരാർത്ഥത്തിൽ തന്നെ അത്ഭുതപ്പെടുത്തി. പ്രേക്ഷകർ ഓൺലൈനിൽ കാണുന്നതല്ല, തീയേറ്റർ ഇഫക്ടാണ് ആഗ്രഹിക്കുന്നതെന്ന് തെളിയിച്ചു.
ലിബർട്ടി ബഷീർ, ചലച്ചിത്ര വ്യവസായി, തീയേറ്റർ ഉടമ
കാഞ്ഞങ്ങാട്ടും ആരാധകർ നിറഞ്ഞു
കാഞ്ഞങ്ങാട്: തമിഴ് ബിഗ് ബഡ്ജറ്റ് ചിത്രമായ വിജയ്‌യുടെ മാസ്റ്റർ കാണാൻ വിനായക തീയേറ്റർ കോംപ്ലക്‌സിലെ അഞ്ച് തീയേറ്ററുകളിലും ആരാധകരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. മൾട്ടിപ്ലക്‌സിലെ മൂന്ന് സ്‌ക്രീനുകൾ, വിനായക പാരഡൈസ്, ന്യൂവിനായക എന്നീ തീയേറ്ററുകളിലായിരുന്നു മാസ്റ്റർ പ്രദർശിപ്പിച്ചത്. അതേ സമയം കാഞ്ഞങ്ങാട്ടെ ദീപ്തി തീയേറ്ററിൽ അടുത്തയാഴ്ച മാത്രമേ പ്രദർശനം ആരംഭിക്കുകയുള്ളൂ.