തലശ്ശേരി: ഇന്ത്യൻ ഫാർമേഴ്സ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 15ന് എല്ലാവർഷത്തെയും പോലെ ദേശീയ കർഷക ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി രാവിലെ 10.30 മുതൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ കർഷക പ്രതിനിധി സംഗമവും കർഷക അവകാശ പ്രഖ്യാപനവും നടത്തും. കർഷകന്റെ ഉന്നമനത്തിനായി രണ്ട് പതിറ്റാണ്ട് കാലം മുതൽ ഇൻഫാം എന്ന ദേശീയ കർഷക പ്രസ്ഥാനം പ്രവർത്തിച്ചുവരികയാണ്. നിരവധി പോരാട്ടങ്ങളും മുന്നേറ്റങ്ങളും നടത്തിയ ഇൻഫാം കക്ഷി രാഷ്ട്രീയത്തിനും ജാതി -മത ചിന്താഗതികൾക്കും അതീതമായി എല്ലാ കർഷകരേയും ഒന്നിപ്പിക്കുന്ന കർഷക കൂട്ടായ്മയാണ്.

ഡൽഹിയിൽ നടന്നുവരുന്ന കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ കർഷക ദിനാചരണം കാർഷിക മേഖലയുടേയും കർഷകന്റേയും നിലനിൽപ്പിന്റെ പോരാട്ടമാണ്. കർഷക ദ്രോഹപരമായ ബില്ലുകളും നടപടികളും പിൻവലിക്കുക, 60 വയസ് കഴിഞ്ഞ കർഷകർക്ക് 10000 രൂപ പെൻഷൻ അനുവദിക്കുക, റബ്ബറിന് 200 രൂപ ഇൻസന്റീവായി ഉയർത്തുക, ബഫർ സോൺ വിഷയത്തിൽ തീർപ്പുണ്ടാക്കുക, വന്യമൃഗ പ്രതിരോധത്തിനായി 1000 കോടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമ്മേളനം നടക്കുന്നത്.

കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള കർഷക പ്രതിനിധി സംഗമത്തിൽ ഇൻഫാം ദേശീയ ചെയർമാൻ ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. തലശേരി അതിരൂപതാ സഹായ മെത്രാൻ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. അതിരൂപതാ ഇൻഫാം ഡയറക്ടർ ഡോ. ജോൺസൺ അന്ത്യാംകുളം, ജില്ലാ പ്രസിഡന്റ് സ്‌കറിയ നെല്ലംകുഴി, ഇൻഫാം സംസ്ഥാന സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇൻഫാം ജില്ലാ സെക്രട്ടറി സണ്ണി തുണ്ടത്തിൽ, ഇ.കെ സുനിൽ പ്രസംഗിക്കും.