കാസർകോട്. പിടയ്ക്കുന്ന വിഷരഹിത മീനുകൾ ഇനി സുലഭമായി ജില്ലയിലെവിടെയും ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പിലാക്കി വരുന്ന സുഭിക്ഷ കേരളം മത്സ്യക്കൃഷിയിൽ ജില്ലയിൽ 420 കർഷകരാണ് പങ്കാളികളായത്. ഇതിൽ പകുതിയോളം കർഷകരും വീട്ടുവളപ്പിലെ കുളങ്ങളിലാണ് മത്സ്യക്കൃഷി ചെയ്യുന്നത്. എട്ട് മാസം കൊണ്ട് ഒരു കിലേയോളം ഭാരം വരുന്ന ആസാം വാളയാണ് രണ്ട് സെന്റ് പടുതാക്കുളത്തിൽ കൃഷി ചെയ്യുന്നത്.

വലിയ ചെലവ് പ്രതീക്ഷിക്കാവുന്ന മത്സ്യത്തീറ്റയുടെ ഉപയോഗം ബയോഫ്‌ളോക്ക് ടെക്നിക്കിലൂടെ 30 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുന്നുവെന്നത് ഈ രീതിയുടെ പ്രത്യേകതയാണ്. മത്സ്യ കൃഷിയിലെ അധിക തീറ്റയിൽ നിന്നും വെള്ളത്തിലേക്ക് വരുന്ന അമോണിയയെ, ഹ്രെട്രാട്രോഫിക് ബാക്ടീരിയ കാർബോഹൈഡ്രേറ്റ് (കപ്പപ്പൊടി, പഞ്ചസാര, ശർക്കര) ഉപയോഗിച്ച് മൈക്രോബിയൽ പ്രോട്ടീനാക്കി മാറ്റുന്നു. ഇതുവഴി കൃഷിയിലുടനീളം മത്സ്യത്തിന് വേണ്ട തീറ്റ ടാങ്കിൽതന്നെ ലഭിക്കും. 21 ഘന മീറ്റർ വരുന്ന ടാങ്കിൽ 1250 നൈൽ തിലാപ്പിയ കുഞ്ഞുങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുന്നത്. ആറ് മാസം കൊണ്ട് 400 മുതൽ 500 ഗ്രാം വരെ തൂക്കമാണ് പ്രതീക്ഷിക്കുന്നത്.


കരിമീനും പിന്നെ കാളാഞ്ചിയും

കുളങ്ങളിലെ കരിമീൻ കൃഷിയും ശ്രദ്ധേയമാണ്. പദ്ധതിയിലൂടെ 50 സെന്റ് വരുന്ന കുളങ്ങളിലാണ് കരിമീൻ കൃഷി ചെയ്യുന്നത്. 1500 മത്സ്യകുഞ്ഞുങ്ങളോടൊപ്പം ആറ് കിലോ വരുന്ന മത്സ്യങ്ങളും നിക്ഷേപിക്കുന്നതിലൂടെ പ്രജനനം നടന്ന് നല്ലയിനം കരിമീൻ വിത്തുൽപ്പാദനം സ്വന്തം കൃഷിയിടത്തിൽ നിന്നു തന്നെ കർഷകർക്ക് സാദ്ധ്യമാകുന്നു. കായലിലെ കൂട് കൃഷിയാണ് സുഭിക്ഷ പദ്ധതിയുടെ മറ്റൊരാകർഷണം. ഇന്ന് മാർക്കറ്റിൽ ആവശ്യക്കാർ ഏറെയുളള കാളാഞ്ചി (കൊളോൻ), ചെമ്പല്ലി, കരിമീനാണ് ഇതിലൂടെ ഉൽപ്പാദിപ്പിക്കുന്നത്. ഏകദേശം 300 ടൺ മത്സ്യ ഉൽപ്പാദനമാണ് ജില്ലയിൽ നിന്നും പ്രതീക്ഷിക്കുന്നത്.