പാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിന്റെ പേര് പറഞ്ഞ് അശാസ്ത്രീയ അലൈൻമെന്റ് ഉണ്ടാക്കി ദളിത് കുടുംബങ്ങളെയാകെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി തുരുത്തി സമര സമിതി നേതാക്കൾ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് തുരുത്തിയിലെ ഒരു വിഭാഗം സ്ഥല ഉടമകൾ കണ്ണൂർ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്. എന്നാൽ ജില്ലാ കളക്ടർക്ക് കൊടുത്ത നിവേദനത്തിൽ തുരുത്തി കോളനിയിൽ വീടും സ്ഥലവും നഷ്ടപ്പെടുന്ന ഒരു കുടുംബം പോലും ഒപ്പിട്ട് നൽകിയിട്ടില്ല. വിദൂര ദിക്കുകളിൽ താമസിക്കുന്നവരും കോളനിക്ക് പുറത്ത് താമസിക്കുന്നവരും തുരുത്തിയിൽ സ്ഥലവും ഉള്ളവരാണ് ഏറ്റെടുക്കാൻ സമ്മതമാണെന്നറിയിച്ച് നിവേദനം നൽകിയതെന്ന് സമര സമിതി കുറ്റപ്പെടുത്തി.
പാപ്പിനിശ്ശേരി തുരുത്തി ഭാഗത്ത് മാത്രം നാല് വളവുകൾ സൃഷ്ടിച്ച് വ്യവസായ ശാലകളെ സംരക്ഷിക്കാനാണ് അധികൃതർ ശ്രമിച്ചത്. ഇതിൽ രണ്ടാമത്തെ വളവ് നിവർത്തിയാൽ മാത്രം തുരുത്തി കോളനിയിലെ 24 വീടുകളെ സംരക്ഷിക്കാനാകും. ഈ കാര്യം ബോധ്യമുണ്ടായിട്ടും ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചേ തീരൂ എന്ന പിടിവാശി ചില കേന്ദ്രങ്ങളിലുണ്ട്. അതിന്റെ ഭാഗമായാണ് കണ്ണൂർ ജില്ലാ കളക്ടറെ പോലും തെറ്റി ധരിപ്പിക്കാൻ ശ്രമം നടത്തുന്നത് എന്നും കെ. നിഷിൽകുമാർ, കെ. ദാമോദരൻ, കുഞ്ഞമ്പു കല്യാശ്ശേരി, എ. അനിത, എ. ലീല, കെ. സുകുമാരൻ എന്നിവർ ആരോപിച്ചു.