pariyaram
പരിയാരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ പ്രസംഗിക്കുന്നു.

അലക്യംതോടും കുപ്പം പുഴയും നവീകരിക്കും

തളിപ്പറമ്പ: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിനായി ചെറുതാഴം, കടന്നപ്പള്ളി, പരിയാരം പഞ്ചായത്തുകൾ സംയുക്തമായി രംഗത്തിറങ്ങുന്നു. പരിയാരം പ്രസ് ക്ലബ് സൻസാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കവെയാണ് മൂന്ന് പഞ്ചായത്ത് പ്രസിഡന്റുമാരും പ്രഖ്യാപനം നടത്തിയത്.

മെഡിക്കൽ കോളേജ് കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലും ഇതുമായി ബന്ധപ്പെട്ട വ്യാപാര സമുച്ചയങ്ങൾ ചെറുതാഴം, പരിയാരം പഞ്ചായത്തുകളിലുമാണ്. ഈ സാഹചര്യത്തിലാണ് പ്രദേശത്തിന്റെ സമഗ്രവികസനത്തിനായി മൂന്നു പഞ്ചായത്തുകളും കൈകോർക്കാൻ തീരുമാനിച്ചത്.

ചെറുതാഴം പഞ്ചായത്തിന്റെ പരിധിയിലുള്ള പരമ്പരാഗത ശുദ്ധജല സ്രോതസായ അലക്യംതോടിന്റെ നിലവിലുള്ള ജൈവാവസ്ഥ നിലനിർത്തി സമഗ്രമായി നവീകരിക്കാനും വഴിയാത്രക്കാർക്ക് വിശ്രമിക്കാനും തദ്ദേശവാസികൾക്കും വൈകുന്നേരങ്ങൾ ചെലവഴിക്കാനുമുള്ള 'ടെയ്ക്ക് എ ബ്രേക്ക്' ആക്കി മാറ്റുമെന്ന് ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ പറഞ്ഞു. ഇതിനായി എം.എൽ.എയുടെ സഹായവും തേടുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈവേ റോഡ് വികസനത്തിന്റെ ഭാഗമായി പിലാത്തറ ബസ് സ്റ്റാൻഡും വ്യാപാര സമുച്ചയങ്ങളും പൂർണമായി ഇല്ലാതാവുമെന്നതിനാൽ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പിലാത്തറയെ വീണ്ടെടുക്കുന്നതിനുമായി വിദഗ്ദ്ധർ അടങ്ങിയ പ്രത്യേക സമിതിയെ നിയോഗിക്കും. പഞ്ചായത്തിലെ കൃഷിഭൂമി ഉപയോഗപ്പെടുത്തി കാർഷികമേഖലയിലും നിരവധി കർമ്മ പരിപാടികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലാണെങ്കിലും അറിയപ്പെടുന്നത് പരിയാരം എന്നായതിനാൽ പ്രദേശത്തിന്റെ പേര് എല്ലായിടത്തും കൂടുതൽ പ്രചാരം നേടുന്നതിനായി മെഡിക്കൽ കോളേജ് പരിസരത്ത് കോമൺ ഫെസിലിറ്റി സെന്റർ സ്ഥാപിക്കുമെന്ന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ വ്യക്തമാക്കി. കാർഷിക മേഖലകൾ കൂടുതലായുള്ള കടന്നപ്പള്ളി പഞ്ചായത്തിൽ സമഗ്ര കാർഷിക വളർച്ച ലക്ഷ്യമാക്കിയുള്ള കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കും. മാലിന്യനിക്ഷേപം തടയുന്നതിനായി മെഡിക്കൽ കോളേജിന്റെ പരിസര പ്രദേശങ്ങളിലും ദേശീയപാതയിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും അവർ പറഞ്ഞു.

കുപ്പം പുഴയെ പരമാവധി ഉപയോഗപ്പെടുത്തി ടൂറിസം പദ്ധതികൾ കൂടുതലായി നടപ്പിലാക്കുകയാണ് പരിയാരം പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രസിഡന്റ് ടി.ഷീബ പറഞ്ഞു. മാലിന്യനിക്ഷേപം തടയുന്നതിന് പ്രദേശവാസികളെ ഉൾപ്പെടുത്തി പ്രത്യേക കർമ്മസേനയ്ക്ക് രൂപം നൽകും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മുൻ ഭരണസമിതി നടപ്പിലാക്കിയ കർമ്മപദ്ധതികൽ കൂടുതൽ കാര്യക്ഷമതയോടെ തുടരുമെന്നും അവർ പറഞ്ഞു.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.മോഹനൻ (കടന്നപ്പള്ളി-പാണപ്പുഴ), പി.പി.രോഹിണി (ചെറുതാഴം), പി.പി. ബാബുരാജൻ (പരിയാരം), പരിയാരം പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ആർ. ഗോപാലൻ, പ്രസ്‌ക്ലബ്ബ് സെക്രട്ടറി പ്രണവ് പെരുവാമ്പ, ട്രഷറർ അനിൽ പുതിയ വീട്ടിൽ എന്നിവർ പ്രസംഗിച്ചു.