hasan

കാസർകോട്: യു ഡി എഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ ഉൾപ്പെടെ സർക്കാരിന്റെ നാല് പദ്ധതികൾ നിറുത്തലാക്കുമെന്ന യു. ഡി .എഫ് കൺവീനർ എം. എം .ഹസ്സന്റെ അഭിപ്രായം തള്ളി കെ .പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യു ഡി എഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും വീട് വച്ചു കൊടുക്കുമെന്ന് കാസർകോട് ഡി .സി .സി യോഗത്തിൽ സംബന്ധിക്കാനെത്തിയ മുല്ലപ്പള്ളി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ലൈഫ് മിഷൻ പിരിച്ചുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നവംബർ 12 ന് കാസർകോട്ടാണ് എം .എം. ഹസൻ പ്രഖ്യാപിച്ചത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം എം ഹസ്സനെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു.

പുതിയ കക്ഷികളെ ഉൾപ്പെടുത്തി യു.ഡി.എഫ് വിപുലീകരിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു പി.സി ജോർജ് തന്നെ സമീപിച്ചിട്ടില്ല. എൻ.സി.പി ഇപ്പോഴും എൽ.ഡി.എഫിൽ തന്നെയാണുള്ളത്. യു.ഡി.എഫ് സ്ഥാനാർത്ഥി ലിസ്റ്റിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.