covid

കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് രണ്ടാംഘട്ടമായി സെക്ടർ മജിസ്‌ട്രേറ്റുമാരെ നിയമിച്ച നടപടികളിൽ ആശങ്ക. ഒരാഴ്ച മുമ്പ് നിയമനം നൽകിയെങ്കിലും ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്തതല്ലാതെ ഇവരുടെ ജോലി തുടങ്ങിയിട്ടില്ല. സ്കൂൾ തുറന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ ചാർജുള്ള അദ്ധ്യാപകരെ കൂടി പട്ടികയിൽ പെടുത്തിയതും തടസമായിരിക്കുകയാണ്.

എല്ലാ ദിവസങ്ങളിലും വൈകുന്നേരവും ശനി, ഞായർ ദിവസങ്ങളിൽ മുഴുവൻ സമയവും ജോലി ചെയ്യണമെന്നാണ് നിർദ്ദേശം. സംവിധാനങ്ങളുടെ അഭാവമാണ് ഇവരുടെ ജോലി കടുപ്പിക്കുന്നത്. ആദ്യതവണ ഓടിയ പണം നൽകാത്തതിനാൽ വാഹന ഉടമകൾ സർവ്വീസ് നടത്താൻ തയ്യാറാകാത്ത സാഹചര്യവുമുണ്ട്. വാഹനം കിട്ടാത്ത വിഷയവും പൊലീസ് സഹായമില്ലാത്തതും പുതിയ സെക്ടർ മജിസ്‌ട്രേറ്റുമാർക്ക് പ്രയാസം സൃഷ്ടിക്കും.

ആദ്യഘട്ടത്തിൽ ക്ലാസ് വൺ പദവിയിലുള്ള ഗസറ്റഡ് ഓഫിസർമാരെയാണ് പഞ്ചായത്തുകളിൽ മജിസ്റ്റീരിയൽ അധികാരം നൽകി നിയമിച്ചിരുന്നത്. പ്രത്യേക വാഹനവും പൊലീസ് എസ്കോർട്ടും അന്ന് അനുവദിച്ചിരുന്നു.

51 പേരുണ്ടായിരുന്നിടത്ത് 15 പേർ

മറ്റ് ജില്ലകളിൽ അദ്ധ്യാപകരല്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥരെ നിയമിച്ചപ്പോൾ കാസർകോട് മാത്രം ഹയർ സെക്കൻഡറി അദ്ധ്യാപകർക്കായിരുന്നു ചുമതല. ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി ആദ്യഘട്ടത്തിൽ 51 പേരെയാണ് നിയമിച്ചിരുന്നത്. രണ്ടാംഘട്ടത്തിൽ 15 പേർ മാത്രമേയുള്ളു. 10 പേരെ റിസർവായി വെച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ കൊവിഡ് സാദ്ധ്യതയുള്ള ടൂറിസം മേഖലയായ വലിയപറമ്പ് പഞ്ചായത്തിൽ സെക്ടർ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടേയില്ല. ആർ.ഡി.ഒ ആണ് ഇവർക്ക് വാഹനം ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞതവണ തന്നെ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ ഇക്കുറി കാര്യങ്ങൾ കടുപ്പമാകുമെന്നാണ് ആശങ്ക.

തയ്യാറുള്ള അദ്ധ്യാപകരോട്‌ ചോദിച്ചതിന് ശേഷമാണ് ജില്ലാ കളക്ടർ സെക്ടർ മജിസ്‌ട്രേറ്റ് നിയമനം നടത്തിയിട്ടുള്ളത്. എണ്ണം കുറച്ചതിനാൽ രണ്ടോ മൂന്നോ പഞ്ചായത്തുകൾ ഒരാൾക്ക് നോക്കേണ്ടിവരും. സർക്കാർ നിർദ്ദേശ പ്രകാരം തന്നെയാണ് പുതിയ തീരുമാനം. വാഹനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ആരും പരാതി ഉന്നയിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

ദിലീപ് കുമാർ, ( പൊതുവിഭ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓഡിനേറ്റർ )