വേറിട്ടചിന്തകൾ കൊണ്ടും, വ്യതിരിക്തമായ കലാപ്രവർത്തനങ്ങൾ കൊണ്ടും, ഭാരതീയ ചിത്രകാരന്മാർക്ക് എന്നും പ്രചോദനദായകമാണ് കെസി.എസ്. പണിക്കരുടെയും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായ എം.വി.ദേവന്റെയും സ്മരണകൾ പോലും. ജനുവരി 15 ദേവൻ മാഷിന്റെ തൊണ്ണൂറ്റിയേഴാം ജന്മദിനമായിരുന്നു. 16 കെ.സി.എസിന്റെ 44ാം ചരമവാർഷിക ദിനവും. ഇന്ത്യൻ ചിത്രകലയെ പാശ്ചാത്യ സ്വാധീനത്തിൽ നിന്ന് മോചിപ്പിച്ച്, ചിത്രകലയിൽ സ്വന്തം സ്വത്വം സ്വരൂപിക്കാൻ കലാകാര കൂട്ടായ്മയ്‌ക്ക് നേതൃത്വം നൽകിയവരാണ് ഇരുവരും. ചെന്നൈയിൽ ചോഴമണ്ഡൽ കലാഗ്രാമം സ്ഥാപിക്കാൻ ഇരുവരും നേതൃത്വപരമായ പങ്ക് വഹിച്ചു. ഗുരുവിനോടുള്ള ഉൽക്കടമായ ആദരവ് ദേവൻ മാഷ് മരണം വരെ കൊണ്ടു നടന്നു. ജീവിതത്തിന്റെ സായന്തനത്തിലും, ഗുരുവിന്റെ വിഖ്യാതങ്ങളായ ചിത്രങ്ങളും പേറി രാജ്യത്തുടനീളം പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ ശിഷ്യൻ ഓടി നടന്നു. താൻ കെട്ടിപ്പൊക്കിയ മാഹി മലയാള കലാഗ്രാമത്തിൽ കെ.സി.എസ്.പണിക്കരുടെ അമൂല്യചിത്രങ്ങളുടെ ഗാലറിയും ഒരുക്കിവച്ചു.
രൂപം പോലെ തന്നെ എം.വി.ദേവന്റെ ശബ്ദവും പരുക്കനായിരുന്നു. നാട്ടുകാരനെങ്കിലും മദിരാശിവാസിയായ മഠത്തിൽ വാസുദേവൻ എന്ന എം.വി.ദേവൻ കേൾവിയും പത്രത്താളുകളിലെ കാഴ്ചകളും മാത്രമായിരുന്നു ഞങ്ങൾക്ക്.
1994 ജനുവരി 26 ന് മലയാളത്തിന്റെ സുകൃതമായ മയ്യഴിപ്പുഴയോരത്തെ ചെറുകുന്നിലെ മലയാള കലാഗ്രാമത്തിന്റെ ഉദ്ഘാടന വേദിയിൽ ആജാനുബാഹുവായ ആ മനുഷ്യൻ തലയെടുപ്പോടെ നിൽക്കുന്ന ചിത്രം ഇന്നലെയെന്ന പോലെ ഓർമ്മയിൽ തെളിയുന്നു..
തന്റെ വാസ്തുശില്പ ചാരുതയ്‌ക്ക് മുതൽക്കൂട്ടായി നിലനിൽക്കുന്ന, കലാഗ്രാമത്തിലെ ഓഡിറ്റോറിയത്തിൽ രണ്ട് ദശകങ്ങളിലേറെക്കാലം നടന്ന പ്രൗഢമായ സെമിനാറുകളിൽ, വാർഷികാഘോഷങ്ങളിൽ, പ്രഭാഷണങ്ങളിൽ ശിൽപ്പശാലകളിൽ എം.വി.ദേവനെന്ന ബഹുമുഖപ്രതിഭയുടെ സിദ്ധിവൈഭവം സഹൃദയ ലോകം തൊട്ടറിഞ്ഞു. ഒരു മാസത്തിൽ ഒരാഴ്ചക്കാലം ചോഴമണ്ഡലത്തിലും, ഒരാഴ്ചക്കാലം എറണാകുളത്തെ കലാപീഠത്തിലും, ഒരാഴ്ചക്കാലം മാഹി മലയാള കലാഗ്രാമത്തിലുമായി ആ സർഗ ജീവിതം ദശകങ്ങളോളം നിറഞ്ഞുനിന്നു. ദേവൻ മാഷ് കലാഗ്രാമത്തിലെത്തിയാൽ പിന്നെ ഉത്സവമാണ്. തിരക്കൊഴിഞ്ഞ നേരമുണ്ടാകില്ല.
തനിക്ക് ഹിതകരമല്ലെന്ന് തോന്നിയാൽ, ആരുടെ മുഖത്ത് നോക്കിയും അപ്രിയ സത്യങ്ങൾ വിളിച്ചു പറയാൻ ഒരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സമകാലീന പ്രശ്നങ്ങളിൽ ചിലപ്പോൾ കൊടുങ്കാറ്റായി വീശിയടിക്കുകയും, ഇടിമിന്നലായി മാറുകയും ചെയ്ത സന്ദർഭങ്ങൾ അനവധി. ഇതാകട്ടെ ഒട്ടേറെ ശത്രുക്കളെ സമ്പാദിക്കാനുമിടയാക്കി. എതിർപ്പിന്റെ ഏത് മലവെള്ളപ്പാച്ചിലിലും നെഞ്ചൂക്കോടെ നിൽക്കാനുള്ള കഴിവ് എം.ഗോവിന്ദനിൽ നിന്നാണ് അദ്ദേഹത്തിന് സിദ്ധിച്ചത്. സൗഹൃദത്തിന്റെ ഊഷ്മളതയാകട്ടെ മദിരാശിയിലെ എപി.കുഞ്ഞിക്കണ്ണനിൽ നിന്നും. ലക്ഷ്യം സംശുദ്ധവും, കർമ്മം ധീരവുമായിരിക്കണമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
ചിത്രകലയിൽ പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്താനും, വ്യവസ്ഥാപിത നിരൂപണ സങ്കല്‌പങ്ങളെ അട്ടിമറിക്കാനും, സംവേദനത്തിന്റെ പുതിയ ബോധതലങ്ങളെ ഉണർത്താനും അദ്ദേഹത്തിന് സാധിച്ചു.
മലയാളികളുടെ വർണബോധത്തേയും, ദൃശ്യസംസ്‌കൃതിയേയും പരിവർത്തനം ചെയ്യിക്കാൻ, കലയ്ക്കും കാലത്തിനുമിടയിൽ കെ.സി.എസ് പണിക്കർക്കും ദേവൻ മാഷിനും സാധിച്ചു എന്നത് ആ സർഗ ജന്മങ്ങളെ ധന്യമാക്കുന്നു.