muhammad-asharuddeen-

കാസർകോട്: ഇന്ത്യൻ ക്രിക്കറ്റിന്റെ അതികായൻ മുഹമ്മദ് അസ്ഹറുദ്ദീനിൽ ആരാധന മൂത്ത് എട്ട് മക്കളിൽ മൂത്ത സഹോദരൻ അദ്ദേഹത്തിന്റെ പേര് തന്നെ കുഞ്ഞനുജന് നൽകിയത് വെറുതെയല്ലെന്ന് ഒറ്റ രാത്രിയിലെ ബാറ്റിംഗ് വെടിക്കെട്ടോടെ തെളിയിക്കുകയായിരുന്നു കാസർകോട് തളങ്കരയുടെ പ്രിയപ്പെട്ട മുത്ത് മുഹമ്മദ് അസ്ഹറുദ്ദീൻ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളം മുംബൈയെ വിറപ്പിച്ചുവിട്ടപ്പോൾ, മുഹമ്മദ് അസ്ഹറുദ്ദീന്റെ അതിവേഗ സെഞ്ചുറിയും കേരളത്തിന്റെ ഗംഭീര വിജയവും രാത്രി മുഴുവൻ കാസർകോട് തളങ്കരക്കാർ ആഘോഷമാക്കി.

37 പന്തിൽ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട സെഞ്ചുറി പിറന്നപ്പോൾ ആവേശം കൊണ്ട് അവർ ആർപ്പു വിളിച്ചു, ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. 20 പന്തുകളിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ അസ്ഹർ ശേഷിക്കുന്ന 17 പന്തുകളിലാണ് 100 പിന്നിട്ടത്. അതും ദേശീയ ടീമിൽ മത്സരപരിചയം ഏറെയുള്ള മുംബൈയുടെ ബോളർമാർക്കെതിരെ. സൂപ്പർ ക്ലാസ് എന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധരെല്ലാം അസ്ഹറിന്റെ ബാറ്റിംഗിനെ വിലയിരുത്തുന്നത്. പുതുച്ചേരിക്കെതിരായ ആദ്യ മത്സരത്തിൽ അസ്ഹർ 30 റൺസാണ് നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം ഈ വിജയത്തിലും അസ്ഹറുദ്ദീന് വലിയ പങ്കുണ്ട്. ഇപ്പോഴിതാ രണ്ടാം മത്സരത്തിൽ കേരളത്തെ ഒറ്റയ്ക്കു തോളിലേറ്റി വിജയത്തിലെത്തിച്ചു.

ഒരിക്കൽ മുംബൈ ഇന്ത്യൻസിന്റെ ക്യാംപിൽ പോയിരുന്നു അസ്ഹറുദ്ദീൻ. പക്ഷേ കളിക്കാൻ സാധിച്ചില്ല. പിന്നീട് ഒരു തവണ ഐ.പി.എൽ ലേലത്തിലും വന്നിരുന്നു. കേരളത്തിനായി ഇനിയും മിന്നും പ്രകടനങ്ങൾ നടത്തിയാൽ അടുത്ത സീസണിൽ അസ്ഹർ ഏതെങ്കിലും ഐ.പി.എൽ ടീമിനായി കളിക്കാനിറങ്ങുമെന്നാണ് കുടുംബാംഗങ്ങളുടെ പ്രതീക്ഷ. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സാണ് താരത്തിന്റെ പ്രിയപ്പെട്ട ടീം. എം.എസ്. ധോണിയും കേരള ക്യാപ്റ്റൻ സഞ്ജു സാംസണുമാണ് പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങൾ. ദേശീയ ടീമിലെ അരങ്ങേറ്റമാണ് കുടുംബാംഗങ്ങളുടെയും തളങ്കരക്കാരുടെയും സ്വപ്നം. മുബൈക്കെതിരായ ബാറ്റിംഗ് വെടിക്കെട്ടോടെയാണ് രാജ്യത്താകെയുള്ള ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ അസ്ഹറിലെത്തുന്നത്. പക്ഷേ വർഷങ്ങളായി ഈ യുവ ക്രിക്കറ്റ് താരം നമുക്കിടയിലുണ്ട്. ആറു വർഷമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഭാഗമാണ്. ഈ വർഷമാണ് കേരളത്തിനായി ട്വന്റി 20 യിൽ ഓപ്പണർ ആകാൻ സാധിച്ചത്. താത്പര്യമുള്ള ഓപണർ ബാറ്റ്സ്മാൻ ആകാൻ പലപ്പോഴും അവസരം ലഭിച്ചിരുന്നില്ല. കിട്ടിയ അവസരം മുതലാക്കിയപ്പോൾ രാജ്യമാകെ ക്രിക്കറ്റ് ആരാധകരുടെ പ്രശംസകൾ നേടി 26 വയസുകാരൻ. വിരേന്ദ്രർ സെവാഗ് മുതൽ ഹർഷ ഭോഗ്‍ല വരെയുള്ളവർ താരത്തെ പുകഴ്ത്തി സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പുകളെഴുതി. കാസർകോട് സ്വദേശികളായ മൊയ്തുവിന്റെയും നഫീസയുടെയും എട്ടു മക്കളിൽ ഏറ്റവും ഇളയവനാണ് അസ്ഹറുദ്ദീൻ. മാതാപിതാക്കളുടെ മരണത്തിനു ശേഷം നാട്ടിലെത്തുമ്പോൾ സഹോദരൻ ഉനൈസിന്റെ കൂടെയാണ് അസ്ഹറുദ്ദീന്റെ താമസം.

അസ്ഹറിന്റെ സഹോദരങ്ങൾ കാസർകോട് ജില്ലാ ക്രിക്കറ്റ് ലീഗുകളിൽ കളിച്ചിട്ടുണ്ട്. 11 വയസുള്ളപ്പോൾ തളങ്കര ക്രിക്കറ്റ് ക്ലബിനായി കളിച്ചാണ് അസ്ഹർ വളർന്നത്. അണ്ടർ 13, 15 കാസർകോട് ജില്ലാ ടീമുകളിൽ കളിച്ചു, പിന്നീട് ക്യാപ്റ്റനായി. കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയുടെ ഭാഗമായതോടെ കോട്ടയത്തും കൊച്ചിയിലുമായിരുന്നു പിന്നീട് അസ്ഹറിന്റെ പഠനവും പരിശീലനവും. അണ്ടർ 19, 23 കേരള ടീമുകളിലെ മികച്ച പ്രകടനത്തെ തുടർന്ന് സീനിയർ ടീമിലെത്തി. 2015 നവംബർ 14നു ഗോവയ്ക്കെതിരെ രഞ്ജിയിൽ അരങ്ങേറി. പിന്നീട് കേരള ടീമിലെ സ്ഥിരസാന്നിദ്ധ്യമായി. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 22 മത്സരങ്ങൾ കളിച്ച താരം 959 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 112. ഒരു സെഞ്ചുറിയും അഞ്ച് അർ‌ദ്ധസെഞ്ചുറികളും താരം നേടി. ഈ വിജയത്തിന് ശേഷം ഡൽഹിയെ നേരിടാനൊരുങ്ങുകയാണ് കേരളം. ഇതിനായി കഠിന പരിശീലനത്തിലാണ് ടീമംഗങ്ങൾ.

ബൈറ്റ്

മത്സര വിജയത്തിന് ശേഷം സന്തോഷം അറിയിക്കാൻ അവൻ വിളിച്ചിരുന്നു, ടീമംഗങ്ങളെല്ലാം ഹാപ്പിയാണെന്ന് അവൻ പറഞ്ഞു. ഡൽഹിക്കെതിരായ അടുത്ത മത്സരവും ജയിക്കണം. കേരളത്തെ അടുത്ത റൗണ്ടിലെത്തിക്കണം. ബാക്കിയെല്ലാം അതിനു ശേഷം മാത്രം

ഉനൈസ് തളങ്കര (അസ്ഹറിന്റെ സഹോദരൻ)