കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് 15 സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി സി. കാപ്പൻ എൽ.ഡി.എഫ് വിട്ട് വന്നാൽ സ്വീകരിക്കും. യു.ഡി.എഫ് ആവശ്യപ്പെട്ടാൽ പാലാ സീറ്റ് നൽകും. രമേശ് ചെന്നിത്തലയുടെ കേരള യാത്രയ്ക്ക് മുമ്പ് യു.ഡി.എഫ് സീറ്റ് ധാരണയുണ്ടാകും.
ഉമ്മൻചാണ്ടി യു.ഡി.എഫിൽ സജീവമാകണം. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചേർന്ന് നയിക്കണം. ഐക്യത്തോടെ പ്രവർത്തിച്ചാൽ യു.ഡി.എഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താം. മുസ്‌ലിം ലീഗ് ഐക്യമുന്നണിയുടെ സ്പിരിറ്റ് ഉൾക്കൊള്ളുന്ന പാർട്ടിയാണ്. ജോസ് കെ. മാണിയുടെ പാർട്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാര്യമായ വിജയം ഉണ്ടായില്ല.
പി.സി. ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യം യു.ഡി.എഫാണ് തീരുമാനിക്കേണ്ടത്. പി.സി. തോമസ് ജോസഫ് വിഭാഗത്തിൽ ലയിക്കുന്ന കാര്യത്തിൽ ഇതുവരെ യാതൊരു ചർച്ചയും നടന്നിട്ടില്ല. തന്റെ മകൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാദ്ധ്യതയില്ല. സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ജോസഫ് പറഞ്ഞു.