പയ്യന്നൂർ: ബാല സൗഹൃദ കേരളം പദ്ധതി ജില്ലാതല ഉദ്ഘാടനം ശ്രീവത്സം ഓഡിറ്റോറിയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ നിർവഹിച്ചു. ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി. ബാല സൗഹൃദ കേരളം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് മുനിസിപ്പാലിറ്റി- പഞ്ചായത്ത് വാർഡ് തല ബോധവൽക്കരണവും ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണവും സംഘടിപ്പിക്കുന്നത്.

ജില്ലയിൽ പയ്യന്നൂർ നഗരസഭയിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ ഉള്ളവർക്കും പൊലീസ് സേനയിലെ ഉദ്യോസ്ഥർക്കും ആവശ്യമായ പരിശീലനം നൽകും. ചേസ് (CHASE- ചൈൽഡ് ഹെൽത്ത് ആൻഡ് സേഫ്റ്റി എംപവർമെന്റ് ) എന്ന പേരിലാണ് പദ്ധതി. എൻഗേജ്, എക്സ്‌പ്ലേൻ, എജുക്കേറ്റ്, എൻഫോഴ്സ് എന്നിങ്ങനെ നാല് ലക്ഷ്യങ്ങൾ ഉൾപ്പെടുത്തിയാണ് ചേസിന്റെ പ്രവർത്തനം.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഓരോ പഞ്ചായത്തുകളെ തിരഞ്ഞെടുത്ത് ഫെബ്രുവരി നാല് വരെയാണ് ബോധവൽക്കരണ പരിപാടികൾ നടത്തുക. പയ്യന്നൂർ നഗരസഭാദ്ധ്യക്ഷ കെ.വി ലളിത, ഉപാദ്ധ്യക്ഷൻ പി.വി കുഞ്ഞപ്പൻ, സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം ശ്യാമളദേവി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം പി.സി വിജയരാജൻ, ചൈൽഡ് വെൽഫയർ കമ്മിറ്റിയംഗം സിസിലി ജെയിംസ്, വനിത ശിശുവികസന ഓഫീസർ ദേന ഭരതൻ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.വി രജിഷ, ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ, ശിശുക്ഷേമ സമിതി സെക്രട്ടറി പി. സുമേശൻ, ചൈൽഡ് ലൈൻ ജില്ലാ കോഓർഡിനേറ്റർ അമൽജിത്ത് തോമസ്, നഗരസഭ സെക്രട്ടറി കെ.ആർ അജി തുടങ്ങിയവർ സംസാരിച്ചു.
സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ സൈക്കോളജിക്കൽ കൗൺസിലർ എ.വി രത്നകുമാർ വിഷയാവതരണം നടത്തി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങളായ സി. വിജയകുമാറും, ശ്യാമള ദേവിയും ക്ലാസെടുത്തു.

കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊതു സമൂഹത്തിനുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ നിത്യേന ഏറി വരുന്ന കാലമാണിത്. അതിക്രമങ്ങളുണ്ടായാൽ അതിനുത്തരവാദികൾ കുട്ടികളാണെന്ന പൊതുബോധമാണ് സമൂഹത്തെ നയിക്കുന്നത്. ഇത് മാറ്റിയെടുക്കാനുള്ള ഇടപെടലാണ് കമ്മിഷൻ നടത്തുന്നത്.

കെ.വി മനോജ് കുമാർ, ചെയർപേഴ്സൺ, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ