കാഞ്ഞങ്ങാട്: പാലിയേറ്റീവ് ദിനമായ 15 ന് കാഞ്ഞങ്ങാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കെട്ടിടത്തിന് സൊസൈറ്റി സ്ഥാപകനായ ഡോ. എൻ.പി രാജന്റെ പേര് നൽകുവാൻ സൊസൈറ്റി എക്‌സിക്യൂട്ടീവ് ബോർഡ് തീരുമാനിച്ചു. ജനമൈത്രി പൊലീസിന്റെയും നഗരസഭയുടെയും സഹായസഹകരണങ്ങൾ സൊസൈറ്റിക്ക് നേടിയെടുക്കുവാൻ ഡോക്ടർ രാജന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 2014ൽ ചെമ്മട്ടംവയലിൽ ജില്ലാ ജയിലിന് സമീപം സൊസൈറ്റിക്ക് സ്വന്തമായി ഇരുനില കെട്ടിടം നിർമിച്ചു.
സൊസൈറ്റി കെട്ടിടത്തിന്റെ പേര് ഡോ.എൻ.പി രാജൻ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ബിൽഡിംഗ് എന്ന് പുനർ നാമകരണം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ പുനർ നാമകരണവും രാജൻ ഡോക്ടറുടെ ഫോട്ടോ അനാച്ഛാദനവും നടത്തും. രാജൻ ഡോക്ടർ വേർപിരിഞ്ഞിട്ടു മാർച്ച് 20ന് ഒരു വർഷം തികയും. ഇതോടനുബന്ധിച്ചു ജില്ലയിലെ ആതുരസേവനരംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന വ്യക്തിക്ക് അവാർഡും നൽകും.