കാഞ്ഞങ്ങാട്: കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ച പുല്ലൂർ -പെരിയ പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ച് പാർട്ടി അംഗങ്ങൾ. കൊടവലം വാർഡിൽ നിന്നും ജയിച്ച ചന്ദ്രൻ കരിച്ചേരിയും കല്ല്യോട്ട് വാർഡിൽ നിന്നും ജയിച്ച രതീഷ് മാധവനുമാണ് വികസനകാര്യ ചെയർമാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഒന്നിനെതിരെ രണ്ടു വോട്ട് നേടി ചന്ദ്രൻ കരിച്ചേരി ചെയർമാനായി. രതീഷിന് അദ്ദേഹത്തിന്റെ വോട്ടുമാത്രം ലഭിച്ചു. ഡി.സി.സി രതീഷിന്റെ പേരാണത്രെ നിർദ്ദേശിച്ചത്. എന്നാൽ പുല്ലൂർ -പെരിയ പഞ്ചായത്ത് യു.ഡി.എഫ് ഐകകണ്‌ഠ്യേനയെടുത്ത തീരുമാനം ആദ്യത്തെ രണ്ടര വർഷം ചന്ദ്രൻ കരിച്ചേരിയും പിന്നീട് രതീഷും എന്നതാണ്. ഇതിനു വിരുദ്ധമായി എ.ഐ.സി.സി സെക്രട്ടറിയും ഡി.സി.സി പ്രസിഡന്റും അവസാന നിമിഷം നിലപാടെടുത്തതാണെന്ന് കോൺഗ്രസ് നേതാവ് ടി. രാമകൃഷ്ണൻ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെത്തിയ എ.ഐ.സി.സി സെക്രട്ടറിക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ഇടപെടേണ്ട കാര്യമില്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. പാർട്ടിയിൽ ചേരിതിരിവ് ഉണ്ടാക്കിയ അദ്ദേഹത്തെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പെരിയയിലെ കോൺഗ്രസ് നേതാക്കൾ എ.ഐ.സി.സി ,കെ.പി.സി.സി പ്രസിഡന്റുമാർക്ക് സന്ദേശം അയച്ചിട്ടുണ്ട്.