gandhi
ഗാന്ധി സ്മൃതി മ്യൂസിയമായി മാറുന്ന പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ

പയ്യന്നൂർ: 1942 ഒക്ടോബർ 2 പ്രഭാതം. സ്വാതന്ത്ര്യ സമരചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട അതിസാഹസിക സംഭവം അരങ്ങേറിയ ദിനം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഉപ്പും ചോറും തിന്നുന്ന ഭീകരായ എം.എസ്.പി. പൊലീസ് നിറ തോക്കുമേന്തി കണ്ണിമ പൂട്ടാതെ കാവൽ നിൽക്കുന്ന പയ്യന്നൂർ പൊലീസ് സ്റ്റേഷൻ.

പുലരി പിറന്നത് പൊലീസ് സ്റ്റേഷനു മുൻപിലെ കൊടിമരത്തിൽ ബ്രിട്ടീഷ് പതാകയായ യൂണിയൻ ജാക്കിന് പകരം ഇന്ത്യൻ മൂവർണ്ണ പതാക പാറിക്കളിക്കുന്നത് കണ്ടാണ്. പുലർകാലയാമത്തിൽ ഏതോ ഒരു നിമിഷത്തിൽ കാവലിരുന്ന എം.എസ്.പിക്കാരുടെ കണ്ണൊന്ന് ചിമ്മിയപ്പോൾ നിമിഷനേരം കൊണ്ട് കൊടിമരത്തിൽ കയറി യൂണിയൻ ജാക്ക് അഴിച്ച് മാറ്റി ത്രിവർണ്ണ പതാക ഉയർത്തിയത് സ്വാതന്ത്ര്യമോഹം വിപ്ളവകാരികളാക്കിയ മൂന്ന് ചെറുപ്പക്കാരായിരുന്നു. ടി.സി.വി. കുഞ്ഞിക്കണ്ണ പൊതുവാൾ, എ.കെ. കുഞ്ഞിരാമ പൊതുവാൾ, സി.വി.കുഞ്ഞമ്പു സറാപ്പ് എന്നിവരായിരുന്നു അവർ.

ഇങ്ങനെ നിരവധി സ്വാതന്ത്ര്യ സമര ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടമാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ,ഗാന്ധി സ്മൃതി മ്യൂസിയമാക്കി നാളെ പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ചരിത്രപ്രസിദ്ധമായിരുന്ന പയ്യന്നൂർ, സ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന സ്ഥലമായി മാറി. ദേശീയതയുടെ പ്രതീകമായ ഖാദി പ്രചരണം, ഉപ്പ് സത്യഗ്രഹം, കർഷക പോരാട്ടങ്ങൾ തുടങ്ങിയവ പയ്യന്നൂരിനേയും പ്രാന്തപ്രദേശങ്ങളെയും ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. ഗാന്ധിജി, ജവഹാർ ലാൽ നെഹ്രു, ശ്രീനാരായണ ഗുരു തുടങ്ങിയ മഹാത്മക്കളുടെ പാദസ്പർശമേറ്റ മണ്ണുകൂടിയാണ് പയ്യന്നൂർ .

സൈമൺ കമ്മിഷൻ ബഹിഷ്കരണ സമരത്തെ തുടർന്ന് 1928ലാണ് പയ്യന്നൂരിൽ കോൺഗ്രസ് പ്രവർത്തനത്തിന് ബീജാവാപം നടക്കുന്നത്.

ജവഹർലാൽ നെഹ്രുവിന്റെ അദ്ധ്യക്ഷതയിൽ പയ്യന്നൂരിൽ നടന്ന നാലാമത് സംസ്ഥാന കോൺഗ്രസ് സമ്മേളനമാണ് ഇന്ത്യയുടെ പരമ ലക്ഷ്യം പൂർണ്ണ സ്വാതന്ത്ര്യമാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. കെ. കേളപ്പൻ ആയിരുന്നു അന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ്. ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ അലയടികൾ കേരളത്തിലും ചലനമുണ്ടാക്കി. 1930 മാർച്ച് 9ന് സെൻ ഗുപ്തയുടെ അദ്ധ്യക്ഷതയിൽ വടകരയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ കേരളത്തിലെ ഉപ്പു നിയമ ലംഘനത്തിന് നേതൃത്വം നൽകാൻ കെ. കേളപ്പൻ മുന്നോട്ട് വന്നു. 1930 ഏപ്രിൽ 13 ന് കോഴിക്കോട് തളിക്ഷേത്രത്തിനടുത്തുള്ള വേർക്കാട്ട് ഹൗസിൽ നിന്ന് കേളപ്പജി അടക്കം മുപ്പത്തിമൂന്ന് പേർ ഉപ്പു സത്യഗ്രഹ വളണ്ടിയർമാരായി പയ്യന്നൂരിലേക്ക് പുറപ്പെട്ടു. ഏപ്രിൽ 23ന് പയ്യന്നൂർ പെരുമ്പപുഴക്കടവിന് സമീപം ഉളിയത്ത് കടവിൽ ഉപ്പുകുറുക്കി നിയമലംഘനത്തിന് തുടക്കമിട്ടു.

നിയമ ലംഘനം ഏതാനും ദിവസം തുടർന്നെങ്കിലും പൊലീസ് പരക്കെ അറസ്റ്റ് നടത്തുകയും ഭീകര മർദ്ദനം അഴിച്ച് വിടുകയുമുണ്ടായി. ഉപ്പ് സത്യഗ്രഹം സംസ്ഥാനമൊട്ടാകെ പ്രകമ്പനം കൊള്ളിച്ച സമരമായി മാറി. 1934 ജനുവരി 12 ന് ഗാന്ധിജിയും അതേ വർഷം തന്നെ ഡോ: ബാബു രാജേന്ദ്രപ്രസാദും പയ്യന്നൂർ സന്ദർശിച്ചു. ശ്രീ നാരായണ ഗുരുദേവ ശിഷ്യൻ സ്വാമി ആനന്ദ തീർത്ഥൻ സ്ഥാപിച്ച ശ്രീ നാരായണ വിദ്യാലയം സന്ദർശിച്ച ഗാന്ധിജി സന്ദർശക കുറിപ്പെഴുതുകയും വിദ്യാലയ മുറ്റത്ത് ഒരു മാവിൻ തൈ നടുകയും ചെയ്തു. ഇന്നത് പടർന്ന് പന്തലിച്ച് ഗാന്ധീ മാവെന്ന പേരിൽ അറിയപ്പെടുന്നു.