തളിപ്പറമ്പ്: തളിപ്പറമ്പിൽ സൂപ്പർ മാർക്കറ്റിലും പൂട്ടിയിട്ട വീട്ടിലും കവർച്ച. തൃച്ചംബരം മുയ്യം റോഡിൽ ഭ്രാന്തൻകുന്ന് ജംഗ്ഷനിലെ എസ് മാർട്ട് സൂപ്പർ മാർക്കറ്റിലും കാഞ്ഞിരങ്ങാട് അണ്ടിക്കളത്തെ അഡ്വ. ജോർജ് മേച്ചേരിയുടെ വീട്ടിലുമാണ് മോഷ്ടാക്കൾ കയറിയത്. ബുധനാഴ്ച പുലർച്ചെ 2.50 ഓടെയാണ് മുയ്യം വരഡൂൽ സ്വദേശി സുധീറിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ കവർച്ച നടന്നത്. കഴുത്ത് മുതൽ പാദം വരെ നീളുന്ന വസ്ത്രം ധരിച്ച കണ്ണടയും മാസ്‌ക്കും കൈയുറയും ധരിച്ച രണ്ടുപേരാണ് കവർച്ച നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.
സൂപ്പർ മാർക്കറ്റിലെയും ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുറുമാത്തൂർ സഹകരണ ബാങ്കിന്റെയും സമീപത്തെ വീട്ടിലെയും കാമറകളിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഉയരം കൂടിയ ഒരാളും ഒരു ചെറുപ്പക്കാരനും മുയ്യം ഭാഗത്തു നിന്നും എത്തി പരിസരം വീക്ഷിച്ച് രണ്ടുപേരും സൂപ്പർ മാർക്കറ്റിന് മുന്നിലെത്തി ഷട്ടർ പൊളിക്കുകയും ചെറുപ്പക്കാരൻ അകത്തു കയറുകയും ചെയ്തു. ഇയാൾ മേശവലിപ്പ് കുത്തിത്തുറന്ന് പണത്തിന് വേണ്ടി തിരച്ചിൽ നടത്തുകയും നാണയം സൂക്ഷിക്കുന്ന പെട്ടി എടുത്ത് പുറത്തിറങ്ങുകയും രണ്ടുപേരും മുയ്യം ഭാഗത്തേക്കു തന്നെ പോകുന്നതുമാണ് ദൃശ്യങ്ങളിലുളളത്.
അഡ്വ. ജോർജ് മേച്ചേരിയുടെ വീടിന്റെ വാതിൽ തേങ്ങ പൊതിക്കുന്ന ഉപകരണം കൊണ്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ജോർജും കുടുംബവും എറണാകുളത്താണ് താമസം. ഒരു വർഷം മുമ്പും ഈ വീട്ടിൽ കവർച്ചാശ്രമം നടന്നിരുന്നു. മുറിയിലെ സാധനങ്ങൾ മുഴുവൻ വാരി വലിച്ചിട്ട നിലയിലാണ് ഉള്ളത്. എന്നാൽ കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കവർച്ചാ ശ്രമം നടത്തിയത് നിരവധി മോഷണ കേസുകളിൽ പ്രതിയായ തൊരപ്പൻ സന്തോഷാണെന്ന് തിരിച്ചറിഞ്ഞയായി പൊലീസ് പറഞ്ഞു.