ഇരിട്ടി: വീരാജ്‌പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യയുടെ നേതൃത്വത്തിലുള്ള കർണാടകത്തിലെ ജനപ്രതിനിധികളുടെ സംഘം കൂട്ടുപുഴയിൽ എത്തി പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി. കർണാടക വനം വകുപ്പിന്റെ തടസ്സവാദങ്ങൾ മൂലം പാതിവഴിയിൽ മൂന്ന് വർഷമായി മുടങ്ങിക്കിടന്ന കൂട്ടുപുഴ പാലം പണി അന്തിമാനുമതി ലഭിച്ചതോടെ കഴിഞ്ഞ ആഴ്ചയാണ് പുനരാരംഭിച്ചത്.

പാലം പണി പുനരാരംഭിക്കുന്നതിന് കർണാടക വനം വകുപ്പ് കെ.എസ്.ടി.പിക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇവയെല്ലാം പാലിച്ചു കൊണ്ടാണ് നിർമ്മാണം നടക്കുന്നത്. നിർമ്മാണ സാമഗ്രികളൊന്നും വനമേഖലയിൽ ഇറക്കി വെക്കരുതെന്നും , പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്ന പ്രവൃത്തികളൊന്നും നടത്തരുതെന്നുമായിരുന്നു ഇവരുടെ നിർദ്ദേശം. ഇവരുടെ സന്ദർശനത്തോടെ പാലം നിർമ്മാണത്തിന്റെ പേരിലും അതിർത്തി തർക്കത്തിന്റെ പേരിലും മൂന്ന് വർഷമായി അതിർത്തിയിൽ നിലനില്ക്കുന്ന പിരിമുറുക്കത്തിന് അയവുവരുത്താനായി എന്നാണ് വിലയിരുത്തൽ. കഴിഞ്ഞയാഴ്ച പ്രവൃത്തി ആരംഭിച്ചപ്പോൾ സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള ജന പ്രതിനിധി സംഘവും ഇവിടെ എത്തി പ്രവൃത്തി വിലയിരുത്തിയിരുന്നു.

തലശ്ശേരി-വളവുപാറ അന്തർ സംസ്ഥാന റോഡ് നവീകരണ പദ്ധതിയിൽപ്പെടുത്തിയാണ് കൂട്ടുപുഴ ഉൾപ്പെടെയുള്ള ഏഴ് പുതിയ പാലങ്ങളുടെയും 54 കിലോമീറ്റർ റോഡിന്റെയും നിർമ്മാണം കെ.എസ്.ടി.പി ആരംഭിച്ചത്.

പണിമുടക്കി തടസവാദം
കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കേ 2017 ഡിസംബർ 27 നാണ് കർണാടക വനം വകുപ്പ് കൂട്ടുപുഴ പാലം പണി തടസപ്പെടുത്തിയത്. പാലം ബന്ധിപ്പിക്കുന്ന മറുകരയിലെ സ്ഥലം കർണാടക വനഭൂമിയാണ് എന്ന വാദം ഉയർത്തിയായിരുന്നു പണി തടസപ്പെടുത്തിയത്.