തളിപ്പറമ്പ്: ആന്ധ്രയിൽ നിന്ന് അരിയുമായെത്തിയ ലോറി ഡ്രൈവറെയും കടയുടമയെയും തെറ്റിദ്ധരിപ്പിച്ച യുവാവ് ലോറി വാടകയിനത്തിൽ 8800 രൂപ കൈക്കലാക്കി സ്ഥലം വിട്ടു. കഴിഞ്ഞ ദിവസം ആണ് അരിയുമായി ലോറി തളിപ്പറമ്പിലെത്തിയത്. ഇതിലെ നൂറ് ചാക്കോളം അരി മെയിൽ റോഡിലെ ചെമ്പേൻ ആലിയുടെ കടയിലേക്കുള്ളതായിരുന്നു. ആലിയുടെ മകളുടെ ഭർത്താവ് മുസ്തഫയാണ് കട നടത്തുന്നത്. കടയുടെ മുന്നിൽ ലോറി പാർക്ക് ചെയ്ത് അതിൽ തന്നെ ഉറങ്ങിയ ഡ്രൈവറെ രാവിലെ 6മണിയോടെ ഒരു യുവാവ് സമീപിച്ച് തന്റെ കടയിലേക്ക് വന്ന ലോഡല്ലേ എന്ന് അന്വേഷിച്ചു.

ചുമട്ടുകാർ ഉടൻ വരുമെന്നും അനുജൻ ഇപ്പോൾ കട തുറക്കാൻ വരുമെന്നും അറിയിച്ചു. ഇതിനിടയിൽ സ്ഥലത്തെത്തിയ ചുമട്ടു തൊഴിലാളികളോടും ലോറി ഡ്രൈവറാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു ഇയാൾ ഇടപെട്ടത്. തൊഴിലാളികൾ വിവരമറിയിച്ചതനുസരിച്ച് കടയുടമ മുസ്തഫയുടെ മകൻ ഷെരീഫ് എത്തിയാണ് കടതുറന്നത്. തുടർന്ന് ചുമട്ടു തൊഴിലാളികൾ അരി ഇറക്കുമ്പോൾ യുവാവും പങ്കാളിയായി. അരി ഇറക്കിയ ശേഷം ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറിൽ നിന്നും വാടകബില്ല് വാങ്ങിയ യുവാവ് ഷെരീഫിൽ നിന്ന് വാടകയിനത്തിൽ 8800 രൂപയും കൈപ്പറ്റി.

തുടർന്ന് ലോറിയിൽ കയറിയ യുവാവ് ഹൈവേയിൽ തന്റെ അനുജന്റെ കടയുണ്ടെന്നും അവിടെ നിന്ന് ലോറി വാടക വാങ്ങിത്തരാമെന്നും ഡ്രൈവറെ ധരിപ്പിച്ചു. ഹൈവേയിൽ ടാക്സി സ്റ്റാൻഡിന് സമീപം എത്തിയപ്പോൾ ഇവിടെയാണ് അനുജന്റെ കടയെന്നും പണം വാങ്ങി വരാമെന്നും പറഞ്ഞ് ലോറിയിൽ നിന്ന് ഇറങ്ങിയ യുവാവ് മുങ്ങുകയായിരുന്നു. അരമണിക്കൂറിനു ശേഷവും യുവാവ് തിരിച്ചുവരാത്തതിനെ തുടർന്ന് ഡ്രൈവർ മുസ്തഫയുടെ കടയിലേക്ക് തിരിച്ചെത്തി വിവരങ്ങൾ പറഞ്ഞപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്. ഉടൻ തന്നെ കടയുടമ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.

എസ്.ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ലോറി വാടക തന്റെ കൈയിൽ നിന്ന് നഷ്ടമാകുമെന്ന വിഷമത്തിൽ നിന്ന ഡ്രൈവർക്ക് കടയുടമ മുസ്തഫയിടപെട്ട് പണം നൽകി.