നീലേശ്വരം: സ്ഥലസൗകര്യമില്ലാതെ നീലേശ്വരത്തെ ഹോമിയോ ആശുപത്രി. കെട്ടിടം പഴക്കം ചെന്നതിനാലും സ്ഥലസൗകര്യമില്ലാത്തതിനാലും രോഗികളും ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. ആശുപത്രി കെട്ടിടത്തിന്റെ മുകൾഭാഗത്ത് നിന്ന് ഇപ്പോൾ കോൺക്രീറ്റുകൾ പൊളിഞ്ഞുവീഴാനും തുടങ്ങിയിട്ടുണ്ട്.
1972 ൽ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി എൻ.കെ. ബാലകൃഷ്ണനാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. കൊവിഡ് വരുന്നതിനു മുമ്പ് ദിവസവും 200 ഓളം രോഗികൾ ഇവിടെ ചികിത്സയ്ക്കെത്താറുണ്ട്. കിടത്തി ചികിത്സയും ആശുപത്രിയിലുണ്ട്. കൂടാതെ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, വയോജനങ്ങൾക്ക് പ്രത്യേകം ചികിത്സയും കൂടാതെ തൈറോയ്ഡ് സ്പെഷ്യൽ ക്ലിനിക്കും അടുത്തുതന്നെ ആരംഭിക്കുന്നുണ്ട്.
ആശുപത്രിയുടെ സൗകര്യക്കുറവും മേൽക്കൂര അടർന്നുവീഴുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭ ഇടപെട്ട് നിലവിലുള്ള ആശുപത്രി കെട്ടിടം പൊളിച്ച് പുതിയതുപണിയാൻ സ്ഥലം എം.എൽ.എ എം.രാജഗോപാലന്റെ സാന്നിദ്ധ്യത്തിൽ രണ്ട് യോഗം വിളിച്ച് കൂട്ടിയിരുന്നുവെങ്കിലും പിന്നീട് മറ്റ് പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവർത്തകരും സംബന്ധിക്കുകയും ചെയ്തിരുന്നു.