കണ്ണൂർ :മഹാകവി കുമാരനാശാന്റെ കവിതയും ജീവിതവും പുതുതലമുറയിലേക്ക് എത്തിക്കുകയെന്ന ദൗത്യവുമായി പ്രമുഖ ചലച്ചിത്രകാരനായ കെ.പി. കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രം അരങ്ങിലെത്താൻ ഒരുങ്ങുകയാണ്. ടൂറിസം വകുപ്പിൽ അഡീഷണൽ ഡയറക്ടറായി വിരമിക്കുമ്പോൾ ഭാര്യ ശാന്തമ്മ പിള്ളയ്ക്ക് കിട്ടിയ തുകയുടെ വലിയൊരു ഭാഗം ഉപയോഗിച്ച് നിർമ്മിച്ച ചിത്രം വമ്പൻ സിനിമകളുടെ പെരുമഴയിൽ മുങ്ങിപ്പോകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.
മലയാള സിനിമയിൽ നവീന ഭാവുകത്വത്തിന് തുടക്കം കുറിച്ച ചലച്ചിത്രകാരൻമാരിൽ ഒരാളായ കുമാരൻ അടൂരിന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹരചയിതാവായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. റോക്ക്,അതിഥി, തോറ്റം, രുഗ്മിണി, ആകാശ ഗോപുരം തുടങ്ങി പത്തോളം ചിത്രങ്ങൾ മാത്രമാണ് അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ നിന്നും പിറവിയെടുത്തത്. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം പുറത്തിറങ്ങുന്ന ഗ്രാമവൃക്ഷത്തിലെ കുയിൽ തന്റെ അവസാനത്തെ സിനിമയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും പ്രിയ ശിഷ്യനായ കുമാരനാശാനിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന ജാതിചിന്തയുടെ നെറികെട്ട കഥ പറയാനാണ് കുമാരൻ ശ്രമിച്ചത്.കുമാരനാശാന്റെ കാവ്യജീവിതത്തിലെ വലിയ വഴിത്തിരിവാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കാവ്യം. എസ്. എൻ.ഡി.പി യോഗത്തിന്റെ സ്ഥാപക സെക്രട്ടറിയായി 15 വർഷം പൂർത്തിയാക്കിയ കാലം.കവിതയിലെ കുയിൽ കുമാരനാശാനും വൃക്ഷം എസ്. എൻ.ഡി.പി യോഗവും വൃക്ഷചുവട്ടിലെ മുനി നാരായണ ഗുരുവുമായിരുന്നു.1903ൽ ആശാൻ എസ്. എൻ.ഡി.പി സെക്രട്ടറിയായി ചുമതലയേറ്റതു മുതൽ 1924ൽ പല്ലനയാറ്റിൽ അകാലമൃത്യുവിന് ഇരയാകുന്നതു വരെയുള്ള 20 വർഷത്തിനിടെയുള്ള ജീവിതമാണ് ഇതിൽ ചിത്രീകരിക്കുന്നത്. പെരുമ്പളം, പെരിയാർ, അരുവിപ്പുറം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
പ്രമുഖ കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീവത്സൻ ജെ. മേനോൻ ആണ് കുമാരനാശാനായി വേഷമിടുന്നത്. സിനിമയുടെ സംഗീത സംവിധാനവും ഇദ്ദേഹം തന്നെ. കവിതകളും ആലപിച്ചിട്ടുണ്ട്.ഭാര്യ ഭാനുമതിയെ അവതരിപ്പിക്കുന്നത് ഗാർഗി ആനന്ദ്. പത്രാധിപർ മൂർക്കോത്ത് കുമാരനായി മാദ്ധ്യമപ്രവർത്തകൻ പ്രമോദ് രാമനും വേഷമിടുന്നു. സഹോദരൻ അയ്യപ്പനായി രാഹുൽ രാജഗോപാലും അരങ്ങിലെത്തുന്നു.
ഞാൻ ഒരു പഴയ ചലച്ചിത്രകാരനാണ്. അതുകൊണ്ടു തന്നെ പുതുതലമുറയിൽ പലർക്കും ഞാൻ അപരിചിതനാണ്. തിയറ്ററുകൾ ഒഴിവില്ലെങ്കിൽ മറ്റേതെങ്കിലും ഓൺലൈൻ പ്ളാറ്റ് ഫോം വഴിയെങ്കിലും ഈ സിനിമ പ്രേക്ഷകരിലെത്തിക്കണം. അതോടെ എന്റെ സിനിമാ ജീവിതം സഫലമായെന്ന് ഞാൻ വിശ്വസിക്കുന്നു-
കെ.പി. കുമാരൻ