justice

കണ്ണൂർ:ജയിൽ അഡ്മിഷനു വേണ്ടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുള്ള ഫോമിൽ പ്രതികളുടെ ആരോഗ്യ റിപ്പോർട്ട് തയ്യാറാക്കണമെങ്കിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്ത നടപടി ബോദ്ധ്യപ്പെടുത്തി മെഡിക്കൽ ഓഫീസർക്ക് പോലീസ് ഉദ്യോഗസ്ഥൻ അപേക്ഷ നൽകണമെന്ന കണ്ണൂർ ജില്ലാ ആശുപ്രതി കാഷ്യാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. കെ പ്രതിഭയുടെ നിലപാടിന് അംഗീകാരം.

2018 ഏപ്രിൽ 16ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. കെ. പ്രതിഭയ്ക്ക് മുന്നിൽ ഹാജരാക്കിയ പ്രതികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിനുള്ള ആരോഗ്യ റിപ്പോർട്ട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.കോടതിയുടെ റിമാൻഡ് നടപടി ബോദ്ധ്യപ്പെടുത്തുന്ന അപേക്ഷ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ മാനദണ്ഡം പാലിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവികളെ ഡോ.പ്രതിഭ സമീപിച്ചെങ്കിലും വ്യക്തത കിട്ടിയില്ല.തുടർന്ന് ചീഫ് സെക്രട്ടറിയെ സമീപിക്കുകയായിരുന്നു. ഡോ.പ്രതിഭ സർക്കാരിന് സമർപ്പിച്ച നിവേദനങ്ങൾ പരിഗണിക്കുവാൻ കോടതിയും നിർദേശം നൽകി ഇതോടെ ആഭ്യന്തര വകുപ്പ് ഉന്നതല സംഘത്തെ നിയോഗിച്ച് വിഷയം പരിശോധിക്കുകയായിരുന്നു.

മതിയായ പരിശോധനകൾക്ക് അവസരം നൽകാതെയും കോടതിയിലെ റിമാൻഡ് നടപടികൾക്ക് മുമ്പും ജയിൽ പ്രവേശനത്തിനുള്ള പ്രതികളുടെ ആരോഗ്യ റിപ്പോർട്ട് ആവശ്യപ്പെടുന്നതിൽ ചട്ടലംഘനമുണ്ടെന്ന വാദത്തെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും നിയമസഭ സെക്രട്ടറിയും അനുകൂലിച്ചു. ഒടുവിൽ വിഷയത്തിൽ വ്യക്തത നൽകുന്ന ഉത്തരവും സർക്കാർ പുറപ്പെടുവിക്കുകയായിരുന്നു.ഇതോടെ ഡോ.കെ.പ്രതിഭയുടെ നിലപാടിന് അംഗീകാരമായി.ഉത്തരവ് കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവികൾക്ക് ഡി ജിപി കത്തയച്ചു.

സർക്കാർ ഉത്തരവ് ഇങ്ങനെ

ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിഷ്‌കർഷിക്കുന്ന പ്രതികളുടെ ആരോഗ്യ പരിശോധന റിമാൻഡ് നടപടികൾക്ക് ശേഷം മതി. ഇതിനായി റിമാൻഡ് നടപടി കഴിഞ്ഞ വിവരം ബോദ്ധ്യപ്പെടുത്തി മെഡിക്കൽ ഓഫീസർക്ക് പൊലീസ് ഉദ്യോഗസ്ഥൻ അപേക്ഷ നൽകണം .