കണ്ണൂർ: കേരളം ആദ്യത്തെ അറവു മാലിന്യ വിമുക്ത സംസ്ഥാനമായി മാറുമെന്ന് മന്ത്രി തോമസ് ഐസക് ബഡ്ജറ്റിൽ പ്രഖ്യാപിച്ചപ്പോൾ യാഥാർത്ഥ്യമായത് കണ്ണൂർ ജില്ലക്കാരനായ ഡോ. പി.വി.മോഹനന്റെ ആശയമാണ്. സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ അറവ് മാലിന്യം സംസ്‌കരിക്കുന്ന റെന്ററിംഗ് പ്ലാന്റ് ഡോ. മോഹനന്റെ നേതൃത്വത്തിൽ ആദ്യം സ്ഥാപിച്ചത് പാപ്പിനിശ്ശേരി പഞ്ചായത്തിലാണ്. അതിന്റെ വിജയവാർത്ത ഇന്ത്യയിലുടനീളം ചർച്ചയായി . ഈ വാർത്ത നേരത്തെ കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
ഇതേ തുടർന്ന് സംസ്ഥാനത്ത് സ്വകാര്യ സംരംഭകരെ ഉപയോഗിച്ച് 16 ലധികം പ്ലാന്റുകൾ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ സംസ്ഥാനത്ത് ആരംഭിച്ചു. ഹരിത കേരള മിഷൻ ഈ ആശയത്തെ പ്രാവർത്തികമാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സംരംഭകരാകാൻ താല്പര്യമുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ഇൻവസ്റ്റേർസ് മീറ്റ് ഹരിത കേരള മിഷൻ സംഘടിപ്പിച്ചു. അതിൽ പങ്കെടുത്ത പലരുമാണ് ഇന്ന് സംസ്ഥാനത്ത് റെന്ററിംഗ് പ്ലാന്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ മിക്കതിന്റെയും സാങ്കേതിക ഉപദേശകൻ ഡോ. മോഹനനായിരുന്നു. കേരള മാതൃകയുടെ വിജയം തിരിച്ചറിഞ്ഞ് മസൂരി യിലെ ഐ.എ.എസ് പരിശീലന കേന്ദ്രത്തിൽ നിന്നും വിവരങ്ങൾ അന്വേഷിച്ചു ഡോ മോഹനനെ വിളിച്ചിരുന്നു.
റെന്ററിംഗ് പ്ലാന്റുകളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു സ്റ്റാന്റേർഡ് ഓപ്പറേഷൻ പ്രൊസീജിയർ മലിനീകരണ നിയന്ത്രണ ബോർഡ് ഡോക്ടർ മോഹനന്റെ സഹായത്തോടെ പുറത്തിറക്കി. അറവ് മാലിന്യം സംസ്‌കരിക്കുന്നതിന് ഒരു ഗവ: പോളിസി ഇല്ലാത്തതിനാൽ മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ഒരു അംഗീകൃത സംവിധാനമൊരുക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സാധിക്കാതെ വന്നു. ഇത് പരിഹരിക്കാനായി ഹരിത കേരള വിഷനും ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോർഡും ചേർന്ന് ഒരു പോളിസി തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇതിലും ഡോക്ടർ മോഹനൻ അംഗമാണ്.
ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരനും ഈ വിജയത്തിൽ പങ്കാളിയായി..മീറ്റ് പ്രൊഡക്‌സ് ഓഫ് ഇന്ത്യയുടെ എം.ഡി, കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി പഠന കേന്ദ്രം സീനിയർ പ്രൊജക്ട് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഡോക്ടർ മോഹനൻ റിട്ടയർ ചെയ്ത ശേഷം സംസ്ഥാനത്ത് ആധുനിക അറവ് ശാലകൾ സ്ഥാപിക്കുന്നതിന് സാങ്കേതിക നേതൃത്വം നൽകി വരുന്നു.