തളിപ്പറമ്പ് / പാനൂർ :ബഡ്ജറ്റ് പ്രസംഗത്തിനിടെ മന്ത്രി വായിച്ച കവിതകളിൽ മൂന്നെണ്ണം കണ്ണൂരിലെ കുട്ടിക്കവികളുടേതായിരുന്നു.
തളിപ്പറമ്പ് പച്ചേനി ഗവ.ഹൈസ്‌കൂളിലെ എട്ടാംക്ളാസുകാരി നിരാന അലി, കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഷിനാസ്, മറ്റൊരിടത്ത് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ അരുന്ധതി എന്നിവരുടെ വരികളാണ് വിവിധ ഘട്ടങ്ങളിൽ ഡോ.തോമസ് ഐസക്ക് ചൊല്ലിയത്.
അതിപ്രശസ്തരായ എഴുത്തുകാരുടെ ഉദ്ധരണികൾ വരുന്നിടത്ത് അപ്രതീക്ഷിതമായി തങ്ങളുടെ പേരുകളും വരികളും കടന്നുവന്നപ്പോൾ സന്തോഷമുഹൂർത്തമായിരുന്നു ഈ കുട്ടികൾ.
കൊവിഡ് കാലത്ത് സ്‌കൂൾ കുട്ടികൾക്ക് വേണ്ടി സർക്കാർ ഏർപ്പെടുത്തിയ അക്ഷര വൃക്ഷം പരിപാടിയുടെ ഭാഗമായി രചിച്ച കവിതകളിൽ നിന്നാണ് ഇവയെല്ലാം തിരഞ്ഞെടുക്കപ്പെട്ടത്.തളിപ്പറമ്പ് തോട്ടിക്കിലിൽ സ്വദേശിനിയായ നിരാന അലി സ്ഥിരമായി കഥയും കവിതയും എഴുതാറുണ്ട്. സ്‌കൂളിൽ നിന്നും കുട്ടികളുടെ നൂറ്റി ഇരുപതോളം കഥയും കവിതയും സർക്കാറിന്റെ അക്ഷരവൃക്ഷം പരിപാടിയിൽ അയച്ച് കൊടുത്തിരുന്നു. അതിൽ നിന്നാണ് നിരാന അലിയുടെ കവിത തിരഞ്ഞെടുത്തത്.അലി- സുഹ്റ ദമ്പതികളുടെ മകളാണ്.
വീട്ടമ്മമാരുടെ ജീവിതത്തെ കുറിച്ച് . പരാമർശിക്കുന്നതിനിടയിലാണ് അരുന്ധതിയുടെ കവിത കടന്നുവന്നത്. ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ സ്വന്തം മുഖം നഷ്ടമാകുന്ന സ്ത്രീകളെക്കുറിച്ചാണ് ഈ കവിത.
'എത്ര അലക്കിയാലും വെളുക്കാത്ത പഴംതുണി പോലെ ,
നിറം വരാത്ത ക്ലാവ് പിടിച്ച പഴയ ഓട്ടുപാത്രം പോലെ അവളുടെ ജീവിതം
,എന്ന് തുടങ്ങുന്നതായിരുന്നു വനിതാശാക്തികരണം ലക്ഷ്യമിട്ടുള്ള പദ്ധതിയെ അവതരിപ്പിക്കാൻ ഉദ്ധരിച്ച വരികൾ.അക്ഷര വൃക്ഷം എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്നാണ് മന്ത്രി ഈ കവിതയെടുത്തത്. നിയമസഭയിൽ തന്റ കവിതയിലെ ഏതാനും വരികൾ മന്ത്രി അവതരിപ്പിച്ച വിവരം. അമ്മയാണ് എന്നോട് ആദ്യം പറഞ്ഞത്.. പ്രധാനാദ്ധ്യാപകനും വിളിച്ചറിയിച്ചിരുന്നു. എന്തായാലും ആദ്യമായി പ്രസിദ്ധീകരിച്ച കവിത ശ്രദ്ധേയമായതിൽ ഏറെ സന്തോഷമുണ്ടെന്നും അരുന്ധതി പറഞ്ഞു. പെരിങ്ങോം ഗവ: കോളേജ് പ്രിൻസിപ്പൽ ഡോ.പി.പി.ജയകുമാറിന്റെയും ഇരിട്ടി മഹാത്മ ഗാന്ധി കോളേജിലെ പ്രൊഫസർ ഡോ.ഷീജ നരോത്തിന്റെയും മകളാണ് അരുന്ധതി . സഹോദരി ആരതി.
സമ്പൂർണ്ണ സാക്ഷരതതൻ കൊമ്പത്തിരിക്കിലും...... തെല്ലും അറപ്പില്ലാതെറിയുന്നു മാലിന്യ മെമ്പാടും രാവിൻ മറവിൽ നാറുന്ന അഴുക്കിൻ ഭാണ്ഡങ്ങൾ കൊണ്ട് തള്ളുന്നു റോഡിൽ വശങ്ങളിൽ സംസ്കാര സമ്പന്നർ...... കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഷിനാസിന്റെ വരികളാണ് ധനകാര്യ മന്ത്രി ബഡ് ജറ്റ് അവതരണ വേളയിൽ പാടിയത്.കണ്ണാടിപ്പറമ്പ് ആറാം പീടികയിൽ ജുമൈദാ ഹൗസിൽ അഷറഫ്, ജുമൈദ ദമ്പതികളുടെ മകനാണ് ഷിനാസ്