കാസർകോട്: ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിന് ശേഷം കാസർകോട് ഇരിയണ്ണിയിലെ വി. ജീവൻ നാട്ടിലെ താരമാണ്. ഈ കുഞ്ഞു ചിത്രകാരന്റെ സൃഷ്ടിയാണ് ഇത്തവണത്തെ ബഡ്ജറ്റിന്റെ കവർ ചിത്രമായത്. ഇരിയണ്ണി പി.എ.എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ബഡ്ജറ്റിന്റെ കവർ പേജ് ഡിസൈൻ ചെയ്‌ത ആർട്ടിസ്റ്റ് ഗോഡ്ഫ്രെ ദാസാണ് ജീവന്റെ നാലു ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ജീവന്റെ ചിത്രങ്ങൾ ബഡ്‌ജറ്റിന്റെ കവർ ചിത്രമായതിൽ സന്തോഷമുണ്ടെന്ന് ഇരിയണ്ണി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരായ അച്ഛൻ സരീഷും അമ്മ റോഷ്‌നിയും പറഞ്ഞു.
കുഞ്ഞുപ്രായത്തിൽ തന്നെ ചിത്രരചനയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച ജീവൻ നൂറുദിന ചിത്രം വരയിൽ നൂറു ചിത്രങ്ങൾ വരച്ചു കൊണ്ട് പ്രശംസ പിടിച്ചുപറ്റിയിരുന്നു. മൂന്ന് വയസ് മുതൽ ചിത്രം വരയ്ക്കുന്നുണ്ട്. രണ്ടര വയസുള്ള ജിനൻ സഹോദരനാണ്. സരീഷും ചിത്രകാരനായ സുഹൃത്ത് ബിജുവും ചേർന്ന് 'ജീവന്റെ വരകൾ" എന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തതോടെയാണ് ജീവനിലെ ചിത്രകാരനെ പുറംലോകം അറിഞ്ഞ് തുടങ്ങിയത്.