മാഹി: തുരുമ്പ് പൊടിയുന്ന, 22 വർഷം പഴക്കമുള്ള കണ്ടം ചെയ്യേണ്ട വാഹനം, കോളുകൾ വന്നാൽ അയ്യായിരം ലിറ്റർ ജലസംഭരണി താങ്ങാനാവാതെ നടുറോഡിൽ കിടക്കും.. ഇതാണ് മയ്യഴി അഗ്നിശമന സേനയുടെ ദുരിതസ്ഥിതി. രണ്ട് കിലോമീറ്റർ ദൂരം ഓടിയെത്തണമെങ്കിൽ മൂന്നിടത്തെങ്കിലും വണ്ടി നിന്നു പോകും. വാഹനത്തിന്റെ ആറ് ടയറുകളും തേഞ്ഞ് തേഞ്ഞ് മൊട്ടയായി മാറിയെന്നും നാട്ടുകാർ.
മയ്യഴി അഗ്നിശമന സേനയിൽ ഫയർ ഓഫീസർ ഇല്ലാതായിട്ട് അഞ്ച് വർഷമായി.13വർഷമായി എൽ.ഡി.സിയില്ല. നാല് ഫയർ മാൻ തസ്തികകൾ ഒഴിഞ്ഞ് കിടപ്പാണ്. നാല് വർഷമായി ശുചീകരണ ജീവനക്കാരിയുമില്ല. പരിമിതമായ ജീവനക്കാർ തന്നെ തൂപ്പുവേലയും, ഗുമസ്ത പണിയുമെല്ലാം ചെയ്യണം.
ഓഫീസിന് കുടിവെള്ള കിണറില്ല. ഉള്ള കിണർ ഉപയോഗശൂന്യവുമായി. സൗകര്യപ്രദമായ കെട്ടിടമുണ്ട്. എന്നാൽ മുൻഭാഗത്ത് ഗേറ്റില്ല. പിൻഭാഗത്ത് മതിലുമില്ല. ആർക്കും എപ്പോഴും ഇവിടെ കയറിയിറങ്ങാം. യാതൊരു സുരക്ഷിതത്വവുമില്ല. കണ്ടീഷനിലുള്ള ഒരു വാഹനമുണ്ട്. അതിൽ ജലസംഭരണിയുമില്ല.
പ്രതീക്ഷയോടെ ആർക്കും മാഹി അഗ്നിശമനസേനയെ വിളിക്കാനാവില്ല. മയ്യഴിയിലെ വാഹനം സംഭവസ്ഥലത്ത് ഒരു വിധമെത്തിയാൽ തന്നെ അഗ്നിബാധയൊക്കെ ശമിച്ചിട്ടുണ്ടാവുമെന്നതാണ് സ്ഥിതി. തലശ്ശേരി, വടകര ഫയർഫോഴ്സുകാരെയാണ് പലപ്പോഴും ആശ്രയിക്കുന്നത്.
പാതിവഴിയിൽ ഓട്ടം നിൽക്കും
പതിനഞ്ച് വർഷമാണ് ഫയർ വാഹനത്തിന്റെ കണ്ടീഷൻ സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഇവിടെ 22 വയസ് പിന്നിട്ട വാഹനം തീപ്പിടിത്ത സ്ഥലത്തേക്കെത്താൻ കയറ്റിറക്കങ്ങൾ സാദ്ധ്യമാവാതെ, ഉൾനാടൻ റോഡുകളിൽ കുടുങ്ങി പാതി വഴികളിൽ സംഭരിച്ചുവെച്ച വെള്ളം ഒഴുക്കിക്കളയേണ്ടി വരികയാണ്. ഇതിനൊക്കെ പുറമെ ഫയർസ്റ്റേഷൻ കോമ്പൗണ്ടിൽ വിവിധ വകുപ്പുകളുടെ കാലപ്പഴക്കം വന്ന വാഹനങ്ങൾ വർഷങ്ങളായി തള്ളിയിരിക്കുന്നുമുണ്ട്.