കണ്ണൂർ :കണ്ണൂർ ജില്ലയ്ക്ക് കൈനിറയെ നൽകിയാണ് മന്ത്രി തോമസ് ഐസക് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ചത്. അഴീക്കൽ നദീമുഖ ഹാർബറിന് 3698 കോടി രൂപ അനുവദിച്ചതാണ് ജില്ലയ്ക്ക് കിട്ടിയ പ്രധാന നേട്ടങ്ങളിലൊന്ന്. അഴീക്കൽഹാർബറിന് 14.5 മീറ്റർ ആഴത്തിൽ 3698 കോടി രൂപ ചെലവിൽ ഔട്ടർ ഹാർബർ നിർമ്മിക്കുന്നതിന് മലബാർ ഇന്റർനാഷണൽ പോർട്ട് എന്ന കമ്പനി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. മൂന്നു ഘട്ടമായാണ് തുറമുഖം നിർമ്മിക്കുക. വിശദമായ രൂപരേഖയും ധനസമാഹാരണ പ്ലാനും കമ്പനി തയ്യാറാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
കണ്ണൂരിലെ ആയുർവേദാശുപത്രി ഗവേഷണ കേന്ദ്രം 202122 ൽ ഉദ്ഘാടനം ചെയ്യും. കിഫ്ബി സഹായത്തോടെയുള്ള 69 കോടി രൂപ ചെലവഴിച്ചാണ് ഗവേഷണ കേന്ദ്രം നിർമ്മിക്കുന്നത്.കൊച്ചി -മംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിനടുത്ത് 5000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 12000 കോടി രൂപ കിഫ്ബിയിൽ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
മലയോര ഹൈവേയുടെ 12 റീച്ചുകൾ അടുത്ത വർഷത്തോടെ പൂർത്തീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. മാഹിക്കും വളപട്ടണത്തിനും ഇടക്കുള്ള 26 കി.മീ കനാലുകളുടെ പ്രവൃത്തിയും അടുത്ത വർഷത്തോടെ പൂർത്തീകരിക്കും. പശ്ചിമ കനാൽ ശൃംഖലയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. പ്രധാന കനാലിനു പുറമെ ആയിരത്തിലധികം കിലോമീറ്റർ ഫീഡർ കനാലുകളെയും ഉൾപ്പെടുത്തിയാണ് പദ്ധതി. കിഫ്ബിയുടെ 1000 കോടി രൂപക്ക് പുറമെ 107 കോടി രൂപ കൂടി കനാലുകളുടെ പ്രവൃത്തിക്കായി വകയിരുത്തും. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ രജത ജൂബിലി വർഷത്തിലെ പ്രത്യേക സ്‌കീമുകൾക്ക് 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ കണ്ണൂരിൽ ആരംഭിക്കുന്ന ചരക്കു സേവന നികുതി കോംപ്ലക്‌സിന്റെ നിർമ്മാണവും ഈ സാമ്പത്തിക വർഷത്തിൽ ആരംഭിക്കും.
കൈത്തറി മേഖലയ്ക്ക് 52 കോടി രൂപയും യൂണിഫോം പദ്ധതിക്ക് 105 കോടി രൂപയുമാണ് ബഡ്ജറ്റിൽ വകയിരുത്തത്. ഖാദി ഗ്രാമീണ വ്യവസായങ്ങൾക്ക് 16 കോടി രൂപ വകയിരുത്തിയതും ജില്ലയ്ക്ക് ഗുണം ചെയ്യും.