തലശ്ശേരി: സംസ്ഥാന ബഡ്ജറ്റ് തലശ്ശേരിക്ക് അഭിമാനനേട്ടമായി. മലബാർ കാൻസർ സെന്ററിന് 25 കോടിയും, പ്രധാനപാതയായ തലശ്ശേരി -സൈദാർ പള്ളി -പാറാൽ റോഡ് നവീകരണത്തിന് 5 കോടി രൂപയുമാണ് അനുവദിച്ചത്. കാൻസർ സെന്റർ 54 കോടി 75 ലക്ഷം രൂപയുടെ പദ്ധതി യാണ് സർക്കാർ മുമ്പാകെ സമർപ്പിച്ചതെങ്കിലും 25 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്.

ആവശ്യപ്പെട്ട തുക പൂർണ്ണമായും അനുവദിച്ചു കിട്ടിയില്ലെങ്കിലും, പദ്ധതി പ്രവർത്തനവുമായുള്ള മുന്നോട്ട് പോക്കിന് ഇത് സഹായകരമാകും. അനുവദിച്ചുകിട്ടിയ 25 കോടി രൂപ കൊണ്ട് മുൻഗണനാ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് സെന്റർ അധികൃതർ തീരുമാനിച്ചിട്ടുള്ളത്.

തലശ്ശേരിയിൽ നിന്നും പെരിങ്ങത്തൂർ വഴി നാദാപുരം വരെ നീളുന്ന പ്രധാനപാതയാണ് തലശ്ശേരി -സൈദാർ പള്ളി -പാറാൽ റോഡ്. എന്നാൽ സൈദാർ പള്ളിക്കും മാടപ്പീടികക്കും ഇടയിൽ റോഡിന് ആവശ്യമായ വീതിയില്ലാത്തതും, ഡ്രൈയിനേജ് ഇല്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ വീതിക്കുറവ് കാരണം ഗതാഗത തടസം പതിവാണ്. ഡ്രൈയിനേജിന്റ അഭാവം കാരണം മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടികിടന്ന് യാത്രാ തടസ്സവുമുണ്ടാകുന്നത് പതിവാണ്. ടെമ്പിൾ ഗേറ്റ് ഭാഗത്താണ് ഇതിന്റെ രൂക്ഷത കൂടുതലായി അനുഭവപ്പെടാറുള്ളത്. 5 കോടി രൂപ വകയിരുത്തിയതിലൂടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

മലബാർ കാൻസർ സെന്ററിൽ എം.ആർ.ഐ സ്‌കാനർ, ആക്സസറികൾ തുടങ്ങിയവ വാങ്ങുന്നതിനും പുതിയ ഒ.പി. ബ്ലോക്കിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും മെഡിക്കൽ ലൈബ്രറിയുടെ വിപുലീകരണത്തിനും റേഡിയേഷൻ ഓങ്കോളജിയുടെ വികസനത്തിനും, സർജിക്കൽ ഓങ്കോളജി വിഭാഗം വികസിപ്പിക്കുന്നതിനും തുക വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

രജീഷ് ശങ്കർ, ഫിനാൻസ് ഓഫീസർ

ടി. അനിത, അഡ്മിനിട്രേറ്റീവ് ഓഫീസർ