ഇരിട്ടി: പയഞ്ചേരി മുക്കിലെ ഗതാഗതകുരുക്കും അപകടവും നിത്യ സംഭവമായ സാഹചര്യത്തിൽ ഇവിടെയുള്ള റവന്യൂ ഭൂമി പൂർണമായി ഏറ്റെടുത്ത് റോഡ് ഉയർത്തി ടാർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ലഭ്യമായ റവന്യൂ ഭൂമി മുഴുവൻ ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം അളന്നു തിരിച്ചു. പയഞ്ചേരി മുക്ക് ജംഗ്ഷനിൽ റോഡ് നിർമാണത്തിലെ അശാസ്ത്രീയത കാരണം നിരന്തരം ഗതാഗതക്കുരുക്കും നിരവധി വാഹനാപകടങ്ങളും പതിവായിരുന്നു. തലശ്ശേരി വളവുപാറ റോഡിൽ നിന്നും പേരാവൂർ റോഡിലേക്ക് തിരിയുന്ന കവല മുതൽ എസ് ബി ഐ ശാഖാ വരെയാണ് റോഡ് വീതികൂട്ടി ഉയർത്തി നവീകരിക്കുന്നത് . ഇതിൽ പയഞ്ചേരി മുക്ക് മാതൃക സൂപ്പർമാർക്കറ്റ് മുതൽ എസ്.ബി.ഐ ബാങ്ക് വരെ റോഡ് ഉയർത്തി ടാറിംഗ് പൂർത്തീകരിച്ചുകഴിഞ്ഞു.