കണ്ണാടിപ്പറമ്പ് : വടക്കെമലബാറിന്റെ ടൂറിസം വികസനത്തിൽ നിർണായക ചുവടുവെപ്പായ റിവർ ക്രൂയിസ് പദ്ധതിയിലും ഉൾപെടാതെ വളപട്ടണം പുഴയുടെ സുന്ദരതീരങ്ങൾ ഇനിയും . കണ്ടൽകാടുകളുടെ സമൃദ്ധിയും ദേശാടനപക്ഷികളുടെ ഇഷ്ടകേന്ദ്രങ്ങളായ നിരവധി പ്രദേശങ്ങളാണ് ടൂറിസം വികസനത്തിന്റെ വൻസാദ്ധ്യതകൾ തുറന്നിടുന്നത്.
നാറാത്ത് പഞ്ചായത്തിലെ പതിനെഴാം വാർഡിൽ ഉൾപ്പെടുന്ന കുമ്മായ കടവ് മടത്തി കോവിൽ വരെയുള്ള എണ്ണൂറ് മീറ്ററോളം വരുന്ന പ്രദേശം അതിമനോഹര കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി കടവ് ,നാറാത്ത് കുമ്മായക്കടവ്, വെടിമാട് തീരം, എന്നിവിടങ്ങളിലാണ് വലിയ ടൂറിസം സാദ്ധ്യതകളുള്ളത് . കണ്ടൽക്കാടുകളാൽ ഹരിതാഭമായ കാക്കത്തുരുത്തി വെടിമാട് ദ്വീപുകളും ഇതിൽ പെടും.
സൗകര്യങ്ങളൊന്നും ഇല്ലാതെ തന്നെ ആളുകൾ ഇവിടെ പ്രഭാതസവാരിക്കും സയാഹ്നങ്ങളിലും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനായി എത്തിച്ചേരുന്നുണ്ട്.ബോട്ട് ജെട്ടി, കുട്ടികളുടെ പാർക്ക്, ലഘുഭക്ഷണ ശാലകൾ എന്നിവ ആരംഭിച്ചുകഴിഞ്ഞാൽ തന്നെ പ്രദേശത്തിന്റെ വികസനത്തിൽ നിർണായകമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
പുഴയുടെ മറുകരയായ പറശ്ശിനിക്കടവിൽ മലബാർ റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി വാട്ടർ ടാക്സികളും മറ്റുമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. മികച്ച നടപ്പാതകളും ബോട്ട് ടെർമിനലും സ്ഥാപിച്ചുകഴിഞ്ഞതോടെ വളപട്ടണം പുഴ സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ഇത്ര തന്നെ സാദ്ധ്യതകളുള്ള കാക്കതുരുത്തിയും വെടിമാടും കുമ്മായക്കടവും മറുകരയിൽ സഞ്ചാരികളുടെ വരവും കാത്തിരിക്കുന്നത്. വളപട്ടണം പറശ്ശിനി -മാട്ടൂൽ ജലഗതാഗതത്തിൽ ഈ ഭാഗങ്ങൾകൂടി ഉൾപ്പെടുത്തിയാൽ വലിയ സാദ്ധ്യത തന്നെ തുറന്നുകിട്ടുമെന്നാണ് നാറാത്ത് പഞ്ചായത്ത് ഭരണസമിതി നേതൃത്വം പറയുന്നത്.
നാറാത്ത് പഞ്ചായത്തിന്റെ പതിനേഴാം വാർഡിൽ ഉൾപ്പെടുന്ന കുമ്മായക്കടവ്, മടത്തിക്കോവ്വൽ ഏറെ ടൂറിസം സാധ്യതയുള്ള ഒരു സ്ഥലമാണ് .നിരവധി പേരാണ് സയാഹ്നങ്ങളിലും മറ്റും ഇവിടെയെത്തിച്ചേരുന്നത് .ഇവിടെ കുട്ടികളുടെ പാർക്ക് ഉൾപ്പെടെ സ്ഥാപിച്ചത് മികച്ച ടൂറിസ്റ്റ് കേന്ദ്രക്കാനുള്ള ശ്രമത്തിലാണ്-
സൈഫുദ്ദീൻ നാറാത്ത്; വാർഡ് മെമ്പർ
നാറാത്ത് പഞ്ചായത്തിന്റെ സംബന്ധിച്ചിടത്തോളം അനന്തമായ ടൂറിസത്തിനുള്ള സാധ്യതകളുണ്ട്.വാരം കടവ് ,പുല്ലൂപ്പി, കാട്ടാമ്പള്ളി ,പറശ്ശിനി വരെ നീണ്ടു കിടക്കുന്ന ഈ സ്ഥലങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടോടു കൂടി പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും -
കെ.രമേശൻ പ്രസിഡന്റ് നാറാത്ത് ഗ്രാമപഞ്ചായത്ത്