parriyaram-

കണ്ണൂർ: സാങ്കേതിക സൌകര്യങ്ങളുടെ അപര്യാപ്തതയിൽ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഞെരുങ്ങുന്നു,. അനസ്തേഷ്യ മെഷീനുകളുടെ എണ്ണക്കുറവ് ഒാപ്പറേഷൻ തീയറ്ററിന്റെ പ്രവർത്തനത്തെ ബാധിച്ചതടക്കം ഗൗരവതരമായ പ്രശ്നങ്ങളാണ് വടക്കൻ കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആതുരാലയം അഭിമുഖീകരിക്കുന്നത്.

സർക്കാർ ഏറ്റെടുത്തതോടെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ നിഷേധിക്കുകയാണെന്നാണ് പരാതി ഉയരുന്നത്.

അനസ്തേഷ്യ മെഷീനുകൾ പകുതിയിലധികവും പ്രവർത്തിക്കുന്നില്ലെന്നത് കൊണ്ട് തന്നെ രോഗികളുടെ ഒാപ്പറേഷനുകളും പരിമിതപ്പെടുത്തുകയാണ്.16 അനസ്തേഷ്യ മെഷീനുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ നാലെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നാണ് വിവരം. .അനസ്തേഷ്യ നൽകാൻ സാധിക്കാത്തതിനാൽ ഓപ്പറേഷനുകൾ മാറ്റാൻ ഡോക്ടർമാർ നിർബന്ധിതരാകുകയാണ്. അടിയന്തിരമായി ചെയ്യേണ്ട ഒാപ്പറേഷനുകൾ വരെ നീട്ടി വയ്ക്കുന്നത് ഗുരുതരമായ പ്രതിസന്ധിയ്ക്ക് ഇടയാക്കുമെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു.

അനസ്തേഷ്യ വിഭാഗത്തിൽ മതിയായ ജീവനക്കാരും ഡോക്ടർമാരും ഇല്ലാത്തതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയാണ്. മെഷീനുകൾ ഉടൻ എത്തിക്കുമെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ മറുപടിയെന്ന് ഡോക്ടർമാർ പറയുന്നു.

സർക്കാർ ഏറ്റെടുത്തപ്പോൾ ഇല്ലായ്മയിലേക്കോ?

ലിഫ്റ്റുകൾ കൃത്യയമായി പ്രവർത്തിക്കാത്തതടക്കം രോഗികളും കൂട്ടിരിപ്പുകാരും പരാതിക്കെട്ടഴിക്കുകയാണ് പരിയാരത്ത് .കൃത്യമായി മരുന്ന് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. രോഗികൾ പല മരുന്നുകളും പുറത്ത് നിന്ന് വലിയ വില കൊടുത്ത് വാങ്ങേണ്ടിവരുന്നുവെന്നും ഇവർ പറയുന്നു.

ജീവനക്കാർക്കും പരാതികളേറെയാണ്. 2018 മുതൽ ലഭിക്കേണ്ട ക്ഷാമബത്ത ഇപ്പോഴും കുടിശ്ശികയാണ്.ശമ്പള വർദ്ധനവ് ലഭിക്കാത്ത നാൽപത് തൊഴിലാളികളാണുള്ളത്.സ്വീപ്പർ തസ്തികയിൽ 20 വർഷമായി ജോലി ചെയ്ത് വരുന്നവരടക്കം ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് തുടരുകയാണ്. .2020 ഏപ്രിൽ മാസത്തിനു ശേഷം വിരമിച്ച ജീവനക്കാർക്കുള്ള പല ആനുകൂല്യങ്ങളും നൽകിയിട്ടില്ല.സർവ്വീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതരും ആനുകൂല്യങ്ങൾക്കായി കാത്തുനിൽക്കുകയാണ്.