കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന പൊതുവാഹനങ്ങൾക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ മോട്ടോർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ എയർപോർട്ട് പരിസരത്ത് 20ന് സത്യാഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ജൂലായ് 25 മുതലാണ് എയർപോർട്ടിൽ പ്രവേശന ഫീസ് ഈടാക്കാൻ തുടങ്ങിയത്. ഇതിനെതിരെ മോട്ടോർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ശക്തമായ സമരം നടത്തി. തുടർന്ന് പ്രവേശന ഫീസ് പിരിക്കുന്നത് നിർത്തിവെച്ചു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം യാതൊരു അറിയിപ്പും നൽകാതെ 50 രൂപ കുറച്ച് കൊണ്ട് പ്രവേശന ഫീസ് വീണ്ടും ഈടാക്കുന്ന നടപടിയാണ് കിയാൽ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് യൂണിയൻ ജില്ലാ കളക്ടർ, മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകുകയും എയർപോർട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. തുടർ പ്രവർത്തനം എന്ന രീതിയിൽ പ്രവേശന ഫീസ് സ്റ്റേ ചെയ്ത് കിട്ടാൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തുവെങ്കിലും കേസ് തുടർച്ചയായി മാറ്റി വയ്ക്കുന്ന സ്ഥിതിയാണ്. ഇതിനാലാണ് യൂണിയന്റെ നേതൃത്വത്തിൽ എയർപോർട്ട് പരിസരത്ത് സത്യാഗ്രഹ സമരം നടത്താൻ തീരുമാനിച്ചത്. വാർത്താ സമ്മേളനത്തിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.ജയരാജൻ, ജനറൽ സെക്രട്ടറി കെ. ബാബുരാജ്, ട്രഷറർ എ. ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.കെ. സിദ്ദിഖ് എന്നിവർ സംബന്ധിച്ചു.