ട്രാഫിക് സിഗ്നൽ ലൈറ്റുകളും തകരാറിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസർകോട് കെ.എസ്.ടി.പി റോഡിൽ സ്ഥാപിച്ച തെരുവുവിളക്കുകളിൽ ഭൂരിഭാഗവും കണ്ണടച്ചു. 55 ഇരുകൈ വിളക്കുകളും 344 ഒറ്റക്കൈ വിളക്കുകളുമാണ് 28കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലുള്ളത്.ഇതിൽ 90 ശതമാനവും കേടായിട്ടുണ്ട്. ട്രാഫിക് നിയന്ത്രണത്തിനായി സ്ഥാപിച്ച സിഗ്‌നൽ വിളക്കുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് ഇപ്പോൾ കത്തുന്നത്.
സൗരോർജ്ജ പാനലും ബാറ്ററികളും ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നവയാണ് വിളക്കുകളെല്ലാം. കൃത്യമായ പരിപാലനം ഇല്ലാത്തതിനാലാണ് തെരുവുവിളക്കുകൾ അകാലചരമം പ്രാപിച്ചതെന്നാണ് ആരോപണം. തൂണുകളും ബാറ്ററിപെട്ടികളുമടക്കം തുരുമ്പെടുത്തുകൊണ്ടിരിക്കുന്നു. സിഗ്‌നൽ വിളക്കുകളാകട്ടെ വാഹനങ്ങൾ ഇടിച്ചും മറ്റുമാണ് തകർന്നത്. 136 കോടി ചിലവിൽ നിർമ്മിച്ച റോഡിൽ വിളക്കുകൾ സ്ഥാപിക്കാൻ മാത്രം ലക്ഷങ്ങൾ ചിലവഴിച്ചിട്ടുണ്ട്.
മുമ്പ് റോഡിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഒരുക്കിയിരുന്ന തെരുവുവിളക്കുകൾ റോഡ് നവീകരണത്തോടെ സൗരോർജ്ജവിളക്കുകൾക്കു വഴിമാറുകയായിരുന്നു. ഇപ്പോൾ ഫലത്തിൽ രണ്ടും ഇല്ലാത്ത സ്ഥിതിയാണ്. ആകെയുള്ളത് എം.എൽ.എ പദ്ധതികളിലും മറ്റും പ്രധാന കവലകളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളാണ്.
നവീകരണത്തോടെ ദേശീയപാത വഴി സഞ്ചരിച്ചിരുന്ന അന്യസംസ്ഥാനത്തിൽ നിന്നുള്ള ചരക്കുവാഹനങ്ങൾ മിക്കവയും ചന്ദ്രഗിരി പാതവഴിയാണ് കടന്നു പോകുന്നത്. ഇങ്ങനെ രാപ്പകൽ ഭേദമില്ലാതെ വാഹനത്തിരക്കേറിയ പാതകളിലാണ് സിഗ്നൽ വിളക്കുകളടക്കം ഭൂരിഭാഗം വിളക്കുകളും കണ്ണുചിമ്മിയത്. അമിതവേഗം കാരണം വാഹനാപകടം കൂടിയ ചന്ദ്രഗിരി പാതയിൽ വിളക്കുകൾ ഇല്ലാത്തത് ദുരന്തം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്.
പരിപാലന കരാർ വൈകുന്നു
വിളക്കുകളുടെ പരിപാലനത്തിലുള്ള കരാർ വൈകുന്നതാണ് അറ്റകുറ്റപ്പണി നീളാൻ കാരണമായതെന്ന് കെ.എസ്.ടി.പി അധികൃതർ പറയുന്നു. അനർട്ടുമായുള്ള കരാർ തയാറായി വരുന്നുണ്ട്. സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകുന്നതും നിലവിലുള്ള പ്രശ്‌നം നീണ്ടുപോകാൻ ഇടയാക്കുന്നുണ്ടെന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്.
28 കിലോമീറ്റർ പാത
55 ഇരുകൈ വിളക്കുകൾ
344 ഒറ്റക്കൈ വിളക്കുകൾ
90 ശതമാനം കേടായി